Pathanamthitta local

ചാങ്കൂര്‍തറ പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ത്തിയായില്ല

കൊടുമണ്‍: ചാങ്കൂര്‍തറ പാലത്തിന്റെ പണി പൂര്‍ത്തീകരിച്ച് എട്ടുമാസം പിന്നിട്ടിട്ടും സമീപന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ല. തോപ്പില്‍പടി- കൊടുമണ്‍ചിറ നിവാസികളാണ് ഇതു കാരണം ദുരിതത്തില്‍ കഴിയുന്നത്.
പാലത്തിലേക്കുള്ള സമീപന റോഡ് കല്ലിളകി താറുമാറായി കിടക്കുന്നതിനാല്‍ ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമാണ്. റോഡിന്റെ വശങ്ങള്‍ കെട്ടിയുയര്‍ത്തുകയോ കൈവരികള്‍ ബലപ്പെടുത്തുകയോ ചെയ്തിട്ടില്ല. റോഡ് നിര്‍മിക്കുന്നതിനുള്ള തുക ലഭിക്കാത്തതാണ് കാരണം. തോപ്പില്‍പടി- കൊടുമണ്‍ചിറ ഭാഗങ്ങളെ ബന്ധിപ്പിക്കാനായി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ചാങ്കൂര്‍തറ പാലമാണ് ജനങ്ങള്‍ക്കു പൂര്‍ണമായും പ്രയോജന പ്രദമാവാതെ കിടക്കുന്നത്. 15 ലക്ഷം രൂപയാണ് പാലത്തിന്റെ നിര്‍മാണത്തിനായി ചെലവഴിച്ചത്. അന്നത്തെ വാര്‍ഡംഗമായിരുന്ന ഐക്കര ഉണ്ണികൃഷ്ണനാണ് പാലത്തിനായി മുന്നിട്ടിറങ്ങിയത്.
ജില്ലാ പഞ്ചായത്തംഗമായിരുന്ന പി വിജയമ്മയുടെ വികസന ഫണ്ടില്‍ നിന്നാണ് തുക ചെലവഴിച്ചത്. സമീപന റോഡിന്റെ പൂര്‍ത്തീകരണത്തിനായി ഫണ്ടു ലഭ്യമല്ലാത്തതിനാലാണ് പണികള്‍ നീണ്ടുപോവാന്‍ കാരണം. കൊടുമണ്‍ചിറയില്‍ നിന്നു ജനങ്ങള്‍ക്ക് കൊടുമണ്‍, അങ്ങാടിക്കല്‍, ഐക്കാട് എന്നീ പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ ഏറെ സൗകര്യ പ്രദമാകുന്നതാണ് ഈ പാലം. പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it