Sports

ചാംപ്യന്‍സ് റയല്‍

ചാംപ്യന്‍സ് റയല്‍
X
2016_5$img29_May_2016_AP5_2

മിലാന്‍ (ഇറ്റലി): കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം സ്പാനിഷ് അതികായന്‍മാരായ റയല്‍ മാഡ്രിഡ് തിരിച്ചുപിടിച്ചു. മാഡ്രിഡ് ടീമുകളുടെ മാറ്റുരയ്ക്കലില്‍ അത്‌ലറ്റികോ മാഡ്രിഡിനെ മറികടന്നാണ് യൂറോപ്യന്‍ ചാംപ്യന്‍പട്ടത്തില്‍ ഒരിക്കല്‍ കൂടി റയല്‍ അവരോധിക്കപ്പെട്ടത്. ഇരു ടീമും ഇഞ്ചോടിഞ്ച് പൊരുതിയ മല്‍സരത്തില്‍ ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും റയലും അത്‌ലറ്റികോയും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ 5-3നായിരുന്നു റയലിന്റെ ജയം. ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്‍മാരായിട്ടുള്ള റയലിന്റെ 11ാം കിരീട നേട്ടം കൂടിയാണിത്. പുതിയ പരിശീലകന്‍ സിനദിന്‍ സിദാന്റേയും സീസണില്‍ റയലിന്റേയും ആദ്യ കിരീട നേട്ടമാണിത്. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇത് മൂന്നാം തവണയാണ് അത്‌ലറ്റികോ കിരീടം കൈവിടുന്നത്. 2014 ഫൈനലിലും അത്‌ലറ്റികോയുടെ കന്നി ചാംപ്യന്‍സ് ലീഗ് കിരീടത്തിന് തടയിട്ടത് അയല്‍ക്കാരായ റയല്‍ തന്നെയായിരുന്നു. അന്ന് ഇഞ്ചുറിടൈം വരെ കിരീടം ഉറപ്പിച്ചിരുന്ന അത്‌ലറ്റികോയുടെ വില്ലനായി അവതരിച്ച സെര്‍ജിയോ റാമോസ് ഇത്തവണയും റയലിനു വേണ്ടി ലക്ഷ്യംകണ്ടു. മിലാനിലെ സാന്‍സിറോയില്‍ നടന്ന കളിയില്‍ പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും ഇരു ടീമും ഏതാണ്ട് ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ മല്‍സരം ആവേശകരമായി. കളിയുടെ 15ാം മിനിറ്റില്‍ റാമോസിലൂടെ റയലാണ് ആദ്യം ഗോള്‍ നേടിയത്. ഗരെത് ബേലിന്റെ ഹെഡ്ഡറിലൂടെ ലഭിച്ച പാസ്് റാമോസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 48ാം മിനിറ്റില്‍ മല്‍സരത്തില്‍ ഒപ്പമെത്താനുള്ള സുവര്‍ണാവസരം അത്‌ലറ്റികോ താരം ആന്റോണിയോ ഗ്രീസ്മാന്‍ നഷ്ടപ്പെടുത്തി. ഫെര്‍ണാണ്ടോ ടോറസിനെ പെനാല്‍റ്റി ബോക്‌സില്‍ വച്ച് പെപെ ഫൗളിനിരയാക്കിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി കിക്ക് ഗ്രീസ്മാന്‍ പാഴാക്കുകയായിരുന്നു. എന്നാല്‍, പകരക്കാരനായിറങ്ങിയ യാനിക് കറാസ്‌കോയിലൂടെ അത്‌ലറ്റികോ സമനില ഗോള്‍ നേടി. 79ാം മിനിറ്റിലായിരുന്നു യുവാന്‍ഫ്രായുടെ മികച്ച ക്രോസിലൂടെ യാനിക് ലക്ഷ്യത്തിലെത്തിച്ചത്. പിന്നീട് ഇരു ടീമിനും വിജയഗോള്‍ നേടാന്‍ കഴിയാതെ പോയതോടെ മല്‍സരം അധികസമയത്തേക്കും പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീങ്ങി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലുകാസ് വാസ്‌ക്വസ്, മാര്‍സെലോ, ബേല്‍, റാമോസ്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ റയലിനു വേണ്ടി വലകുലുക്കി. ഗ്രീസ്മാന്‍, ഗാബി, സൗള്‍ നിഗ്വസ് എന്നിവര്‍ അത്‌ലറ്റികോയ്ക്കു വേണ്ടി ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ നാലാം കിക്കെടുത്ത യുവാന്‍ഫ്രാന്‍ പെനാല്‍റ്റി പാഴാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it