ചാംപ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യയെ ശ്രീജേഷ് നയിക്കും

ന്യൂഡല്‍ഹി: ചാംപ്യന്‍സ് ട്രോഫി ഹോക്കി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ പുരുഷ ടീമിനെ മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് നയിക്കും. സ്ഥിരം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങിനു വിശ്രമം നല്‍കിയതോടെയാണ് വൈസ് ക്യാപ്റ്റനായ ശ്രീജേഷിനു നറുക്കുവീണത്. സ്‌ട്രൈക്കര്‍ എസ് വി സുനിലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. അടുത്ത മാസം 10 മുതല്‍ 17 വരെ ലണ്ടനിലാണ് ടൂര്‍ണമെന്റ്.
റിയോ ഒളിംപിക്‌സ് മുന്നില്‍ കണ്ട് പരിചയസമ്പത്തും യുവത്വവും സമന്വയിപ്പിച്ച ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തത്. മലേസ്യയില്‍ നടന്ന സുല്‍ത്താന്‍ അസ്‌ലന്‍ഷാ ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയ ഡിഫന്റര്‍ ഹര്‍മന്‍പ്രീത് സിങ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഹര്‍ജീത് സിങ്, ഗോള്‍കീപ്പര്‍ വികാസ് ദഹിയ എന്നീ യുവതാരങ്ങളും ടീമിലുണ്ട്. അസ്‌ലന്‍ ഷാ കപ്പില്‍ ശ്രീജേഷിനും വി ആര്‍ രഘുനാഥിനും ഇന്ത്യ വിശ്രമം നല്‍കിയിരുന്നു.
ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് ശ്രീജേഷ് പറഞ്ഞു. മെഡല്‍ നേടാനായാല്‍ അതു റിയോ ഒളിംപിക്‌സില്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it