ചാംപ്യന്‍മാര്‍ പൊരുതി വീണു

കൊല്‍ക്കത്ത: നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കാണാതെ പുറത്തായി. ഇരുപാദങ്ങളിലായി നടന്ന വാശിയേറിയ സെമി ഫൈനലില്‍ ചെന്നൈയ്ന്‍ എഫ്‌സിയാണ് കൊല്‍ക്കത്തയെ വീഴ്ത്തിയത്. ഇരുപാദങ്ങളിലായി 4-2ന്റെ ജയം നേടിയാണ് ചെന്നൈ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ചെന്നൈയുടെ കന്നി ഐഎസ്എല്‍ ഫൈനല്‍ കൂടിയാണിത്.
ഇന്നലെ നടന്ന രണ്ടാംപാദത്തില്‍ സ്വന്തം തട്ടകത്തില്‍ 2-1ന് ജയിച്ചെങ്കിലും ആദ്യപാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ചെന്നൈക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞത് കൊല്‍ക്കത്തയ്ക്ക് വിനയാവുകയായിരുന്നു. രണ്ടാംപാദത്തില്‍ മൂന്നു ഗോള്‍ മാര്‍ജിനിലെങ്കിലും ജയിച്ചാല്‍ മാത്രമായിരുന്നു കൊല്‍ക്കത്തയ്ക്ക് ഫൈനല്‍ പ്രതീക്ഷയുണ്ടായിരുന്നത്. ഇതോടെ രണ്ടാമത് ഐഎസ്എല്ലില്‍ പുതിയ ചാംപ്യന്‍മാരെ കാണാം.
ഞായറാഴ്ച ഗോവയിലെ ഫറ്റോര്‍ഡയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ചെന്നൈയ്ന്‍ ആതിഥേയരായ എഫ്‌സി ഗോവയെ എതിരിടും.
ഇന്നലെ നടന്ന രണ്ടാംപാദത്തില്‍ ചെന്നൈക്കെതിരേ മികച്ച പോരാട്ടമാണ് കൊല്‍ക്കത്ത കാഴ്ചവച്ചത്. 22ാം മിനിറ്റില്‍ സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ ഡിജാന്‍ ലെകിച്ചിലൂടെയാണ് കൊല്‍ക്കത്ത ആദ്യ ഗോള്‍ നേടിയത്. ഗോള്‍ കീപ്പറിലേക്ക് ഹെഡ്ഡറിലൂടെ പന്ത് കൈമാറാനുള്ള ചെന്നൈ പ്രതിരോധ നിര താരത്തിന്റെ ശ്രമം അബദ്ധമായപ്പോള്‍ ലെകിച്ച് തനിക്ക് കിട്ടിയ സുവര്‍ണാവസരം ഗോളാക്കി മാറ്റുകയായിരുന്നു.
രണ്ടാംപകുതിയിലെ 87ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമും ലക്ഷ്യം കണ്ടതോടെ കൊല്‍ക്കത്തയ്ക്ക് നേരിയ പ്രതീക്ഷ കൈവന്നു. എന്നാല്‍, 88ാം മിനിറ്റില്‍ സ്റ്റീവന്‍ മെന്‍ഡോസയ്ക്കു പകരം കളത്തിലിറങ്ങിയ ഫിക്രു ടെഫേര ഇഞ്ചുറി ടൈമില്‍ ചെന്നൈക്കു വേണ്ടി വല ചലിപ്പിച്ചതോടെ കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രതീക്ഷ അവസാനിക്കുകയായിരുന്നു.
പന്തടക്കത്തിലും ആക്രമണത്തിലും കൊല്‍ക്കത്തയ്ക്കായിരുന്നു മല്‍സരത്തില്‍ മേധാവിത്വം. എന്നാല്‍, കൗണ്ടര്‍ അറ്റാക്കുകളിലൂടെ ചെന്നൈയും മല്‍സരത്തില്‍ തിരിച്ചടിക്കാനുള്ള ശ്രമം നടത്തി കൊണ്ടിരുന്നു. നേരത്തെ ഇരുപാദങ്ങളിലായി നടന്ന ഒന്നാം സെമി ഫൈനലില്‍ ഡല്‍ഹി ഡൈനാമോസിനെ 1-3ന് തോല്‍പ്പിച്ചാണ് ഗോവ കന്നി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
Next Story

RELATED STORIES

Share it