ചാംപ്യന്‍മാര്‍ക്ക് ഇരട്ടപ്രഹരം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയുടെ കഷ്ടക്കാലം തുടരുന്നു. ഇന്നലെ നടന്ന എവേ മല്‍സരത്തില്‍ ചെല്‍സിയെ വെസ്റ്റ്ഹാം അട്ടിമറിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലൂസിനെ വെസ്റ്റ്ഹാം പരാജയപ്പെടുത്തിയത്.
തോല്‍വിക്കിടയില്‍ താരം നെമഞ്ജ മാറ്റിച്ചിനും റഫറിയുടെ തീരുമാനത്തിനെതിരേ പ്രതിഷേധിച്ചതിന് കോച്ച് ജോസ് മൊറീഞ്ഞോയ്ക്കും ചുവപ്പ് കാര്‍ഡ് കണ്ടത് ചെല്‍സിക്ക് മറ്റൊരു നാണക്കേടായി. 46ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടാണ് മാറ്റിച്ചിന് കളംവിടേണ്ടിവന്നത്. എന്നാല്‍, റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച മൊറീഞ്ഞോയ്ക്ക് ഗാലറിയില്‍ കളി കാണേണ്ട അവസ്ഥയായി.
തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ചെല്‍സി 15ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ആഴ്‌സനലിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും പിന്തള്ളി വെസ്റ്റ്ഹാം രണ്ടാംസ്ഥാനത്തേക്ക് കയറി. വെസ്റ്റ്ഹാമിനു വേണ്ടി മൗറോ സാററ്റെ (17ാം മിനിറ്റ്) ആന്‍ഡ്രു കരോള്‍ (79) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ചെല്‍സിയുടെ ആശ്വാസ ഗോള്‍ 56ാം മിനിറ്റില്‍ ഗാരി കാഹിലിന്റെ വകയായിരുന്നു.
ലീഗിലെ മറ്റു കളികളില്‍ സ്വാന്‍സി 2-1ന് ആസ്റ്റന്‍വില്ലയെയും ലെയ്‌സസ്റ്റര്‍ 1-0ന് ക്രിസ്റ്റല്‍ പാലസിനെയും വെസ്റ്റ്‌ബ്രോം 1-0ന് നോര്‍വിച്ചിനെയും വാട്ട്‌ഫോര്‍ഡ് 2-0ന് സ്റ്റോക്ക് സിറ്റിയെയും തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it