ernakulam local

ചവറുകുപ്പയില്‍ കൈവിട്ട 15 പവന്‍ ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തി

മട്ടാഞ്ചേരി: ചവറു കുപ്പയില്‍ കൈവിട്ട 15 പവന്‍ സ്വര്‍ണം കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തി ഉടമയ്ക്ക് നല്‍കി സത്യസന്ധതയുടെ ആദരവ് ഏറ്റുവാങ്ങി.
ഗോവന്‍ സ്വദേശികളായ ശ്രീകാന്ത്ഫഡ്‌ത്തേ- ചന്ദ്രിക ദമ്പതികളുടെ താലിമാലയും വളകളുമാണ് കൊച്ചി കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ പ്രശംസനീയമായി മാലിന്യശേഖരത്തില്‍നിന്ന് കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് ചെറളായിയില്‍വച്ച് കോര്‍പറേഷന്‍ കണ്ടിജന്‍സി തൊഴിലാളികളായ നാലാം സര്‍ക്കിളിലെ എം കെ സുരേഷ്, കെ എഫ് ജോര്‍ജ്, പ്രസാദ്, സുരേഷ് എന്നിവരാണ് മാലിന്യശേഖരത്തില്‍നിന്ന് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലുടെ സ്വര്‍ണം കണ്ടെത്തി സത്യസന്ധതയുടെ മാതൃകയായത്.
ഫോര്‍ട്ടുകൊച്ചി വെളി സ്വദേശിയായ ചന്ദ്രിക ഭര്‍ത്താവ് ശ്രീകാന്ത് ഫടത്തേയുമൊത്ത് കുടുംബസമേതമാണ് സഹോദരിയുടെ വീട്ടിലെ കല്യാണത്തിനായി കൊച്ചിയിലെത്തിയത്. ചെറളായി ആര്‍ ജി പൈ റോഡിലെ പ്രഭാകര്‍ ജ്യോതിയില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന ചന്ദ്രിക, കുളിക്കും മുമ്പേ വളകളും താലിമാലയും പൊതിഞ്ഞ് മാറ്റിവച്ചു.
ഇതിനടുത്ത് തലേ ദിവസത്തെ ഭക്ഷണ അവശിഷ്ട പൊതിയുമുണ്ടായിരുന്നു. നഗരസഭ മാലിന്യശേഖരണ തൊഴിലാളികളെത്തിയപ്പോള്‍ അവശിഷ്ടമെന്ന് കരുതി ശ്രീകാന്ത് സ്വര്‍ണ പൊതി മാലിന്യകുപ്പയില്‍ നിക്ഷേപിച്ചു. കുളി കഴിഞ്ഞ് മടങ്ങിയ ചന്ദ്രിക സ്വര്‍ണമന്വേഷിച്ചപ്പോഴാണ് പൊതി മാറിയ വിവരമറിഞ്ഞത്.
ഇതിനിടെ തൊഴിലാളികളും മറയുകയും ചെയ്തു. ഉടന്‍ തന്നെ ഡിവിഷന്‍ കൗണ്‍സിലര്‍ ശ്യാമളാ പ്രഭുവിനെ സമീപിക്കുകയും നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെട്ട് മാലിന്യശേഖരണവണ്ടി തിരികെ ചെറളായി ക്ഷേത്ര പടിഞ്ഞാറ് ഭാഗത്ത് കൊണ്ടുവരുകയും ചെയ്തു. തുടര്‍ന്ന് സമീപവാസികളായ വേണുഗോപാല്‍ പൈ, ശ്രീകുമാര്‍ പ്രഭു, നവീന്‍കുമാര്‍ എന്നിവരടക്കമുള്ളവരുമായി മാലിന്യ ശേഖരത്തില്‍ പരതുകയും രണ്ട് മണിക്കുറിന് ശേഷം സ്വര്‍ണം കണ്ടെത്തുകയും ചെയ്തു. 25 വര്‍ഷക്കാലത്തെ സേവനത്തിനിടയിലുണ്ടായ അനുഭവം ഈശ്വര പ്രാര്‍ത്ഥനയോടെയാണ് ഓര്‍ക്കുകയെന്ന് സുരേഷ് പറഞ്ഞു.
തങ്ങള്‍ മോശക്കാരാവുന്ന അവസ്ഥയില്‍നിന്ന് രക്ഷിച്ച ദൈവത്തിന് നന്ദി എന്ന് ആനന്ദക്കണ്ണീരുമായി സുരേഷ് കുട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ശ്യാമളാ പ്രഭു മട്ടാഞ്ചേരി പോലിസ് എഎസ്‌ഐ അനീഷിന്റെ സാന്നിധ്യത്തില്‍ സ്വര്‍ണ ഉരുപ്പടികള്‍ ഉടമയ്ക്ക് നല്‍കുകയും ശുചീകരണ തൊഴിലാളികളുടെ സത്യസന്ധതയെ ഇരുവരും പ്രശംസിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it