ചലച്ചിത്ര താരങ്ങളെ അടുപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമം

കൊച്ചി: ചലച്ചിത്ര താരങ്ങളെ ആര്‍എസ്എസ്സിലേക്ക് അടുപ്പിച്ച് കേരളത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സംഘപരിവാരം ശ്രമിക്കുന്നതായി വിവരം. നേരത്തെ ഒരു സൂപ്പര്‍ താരത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത് വാര്‍ത്തയായിരുന്നു. സൂപ്പര്‍സ്റ്റാറുമായി ആര്‍എസ്എസ് സഹകാര്യവാഹക് (അഖിലേന്ത്യാ ജോ. ജനറല്‍ സെക്രട്ടറി) ദത്താത്രേയ ഹൊസബളെ ചര്‍ച്ച ചെയ്തതായും ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഹിന്ദു മീഡിയ കോണ്‍ഫറന്‍സില്‍ അദ്ദേഹം പങ്കെടുത്തതായും ആര്‍എസ്എസ് പ്രചരിപ്പിക്കുന്നുണ്ട്.
കേരളത്തിലും പുറത്തും നല്ല ജനസമ്മിതിയുള്ളതിനാലും തന്റെ താരമൂല്യം കുറയുമെന്ന ഭയമുള്ളതിനാലും താരം ഇതുവരെ ആര്‍എസ്എസ് ആഭിമുഖ്യം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. ആര്‍എസ്എസ്സുമായി നേരത്തെ തന്നെ അടുത്ത ബന്ധമുള്ള ഒരു വലതുപക്ഷ സിനിമാ സംവിധായകന്‍ വഴിയാണ് ഇത്തരം ശ്രമങ്ങള്‍. ആര്‍എസ്എസ് ആഭിമുഖ്യം പരസ്യമായി പ്രഖ്യാപിച്ച സിനിമാതാരം സുരേഷ്‌ഗോപിക്ക് കേന്ദ്രത്തില്‍ ചലച്ചിത്ര കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി മെയ്മാസത്തില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഈ വാര്‍ത്ത പ്രചരിപ്പിച്ചത് ഇപ്പോള്‍ തിരക്കുകളൊന്നുമില്ലാത്ത ഗോപി തന്നെയാണെന്നാണ് കരുതപ്പെടുന്നത്. അതല്ല ഡല്‍ഹിയില്‍ ചെയര്‍മാന്‍ പദവി ആഗ്രഹിക്കുന്ന ഒട്ടേറെ പേര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി സുരേഷ്‌ഗോപി പുറത്തായതാണ് എന്നൊരു ഭാഷ്യവുമുണ്ട്. സൂപ്പര്‍സ്റ്റാറിനെ പ്രീണിപ്പിക്കാനുള്ള പുതിയ നീക്കത്തില്‍ സുരേഷ്‌ഗോപിക്ക് അതൃപ്തിയുള്ളതായും അറിയുന്നു.
എസ്എന്‍ഡിപിയെ അടുപ്പിച്ച നടപടി പൂര്‍ണമായി വിജയത്തിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ കേരള നേതാക്കളെ ഒഴിവാക്കി ആര്‍എസ്എസ് കേന്ദ്രനേതാക്കള്‍ തന്നെ നേരിട്ടാണ് പുതിയ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. നേരത്തെ സുരേഷ്‌ഗോപി വഴിയുള്ള നീക്കം എന്‍എസ്എസ് ആസ്ഥാനത്തു നിന്ന് സുരേഷ്‌ഗോപിയെ ഇറക്കി വിട്ടതിലൂടെ അടഞ്ഞിരുന്നു. ആര്‍എസ്എസ് നീക്കത്തെ എന്‍എസ്എസ് ഏറെ കരുതലോടെയാണ് നോക്കികാണുന്നത്.
Next Story

RELATED STORIES

Share it