kannur local

ചര്‍ച്ച പരാജയപ്പെട്ടു; ആലക്കോട് ലീഗും കോണ്‍ഗ്രസ്സും ഇടഞ്ഞുതന്നെ

തളിപ്പറമ്പ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനെ തുടര്‍ന്നു ആലക്കോട് മേഖലയില്‍ യുഡിഎഫിലെ പ്രബല കക്ഷികളായ കോണ്‍ഗ്രസ്സും ലീഗും തമ്മിലുള്ള ഭിന്നത തുടരുന്നു. തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി കെ സി ജോസഫിന്റെ നേതൃത്വത്തില്‍ ലീഗ് നേതാക്കളുമായി ചര്‍ച്ച പരാജയപ്പെട്ടു. ഇരുവിഭാഗത്തിന്റെയും പ്രാദേശിക നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ വീണ്ടും ചര്‍ച്ച തുടരും. ഇതിനിടെ, ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സി ജോസഫിനെതിരേ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ലീഗ് സ്ഥാനാര്‍ഥികളെ കാലുവാരി തോല്‍പ്പിച്ച കെ സി ജോസഫിനെ തോല്‍പ്പിക്കുക എന്നാണ് ഗ്രീന്‍ ആര്‍മിയുടെ പേരിലുള്ള പോസ്റ്ററിലുള്ളത്. നേരത്തേയും കെ സി ജോസഫിനെതിരേ കുട്ടാവ്, പരപ്പ, നെടുവോട് ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അതിനിടെ, ഇരിക്കൂറിലെ ലീഗ്-കോണ്‍ഗ്രസ് പ്രശ്‌നം ഒത്തുതീര്‍ന്നു. കെ സി ജോസഫ് കേരള കോണ്‍ഗ്രസ്(എം), മുസ്‌ലിംലീഗ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പരിഹാരം കണ്ടത്. ലീഗിന്റെ ആവശ്യാര്‍ഥം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ഖാദറിനെ തല്‍സ്ഥാനത്തു നിന്നു നീക്കി.
Next Story

RELATED STORIES

Share it