Alappuzha local

ചരിത്രമായി സമസ്ത സമ്മേളനം

ആലപ്പുഴ: അറബിക്കടല്‍ തീരത്ത് മനുഷ്യക്കടല്‍ തീര്‍ത്ത് സമസ്ത കേരളയുടെ 90ാം വാര്‍ഷിക സമ്മേളനം ചരിത്രമായി. കടലോരത്ത് ജനസാഗരത്തിന്റെ കണ്ഠത്തില്‍ നിന്നുയര്‍ന്ന തഖ്ബീര്‍ ധ്വനികള്‍ അറബിക്കടല്‍ തിരയടിക്കുന്നതിന് തുല്യമായി. രണ്ടരക്കിലോമീറ്റര്‍ വരുന്ന ആലപ്പുഴ ബീച്ച് ശുഭ്രവസ്ത്രധാരികളുടെ ഒത്തുചേരലില്‍ ആകാശവും ഭൂമിയും ഒരുപോലെ വെള്ളിയണിഞ്ഞപോലെയായിരുന്നു.
അറബിക്കടലിന് സമാന്തരമായി പാല്‍ക്കടല്‍. അതിന്റെ തിര വീഥികളിലേക്ക് അലയടിച്ചപ്പോള്‍ നഗരപാതകളും പാല്‍ക്കടല്‍പോലെ. കേരളത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നെത്തിയ ജനലക്ഷങ്ങള്‍ ആലപ്പുഴ ബീച്ചില്‍ തിങ്ങിനിറഞ്ഞു. സൂചി കുത്താന്‍ ഇടമില്ലാതെ ബീച്ചും പരിസരവും വൈകുന്നേരം നാലുമണിയോടെ ജനനിബിഡമായി. ആലപ്പുഴയ്ക്കും ഇത് ചരിത്രമുഹൂര്‍ത്തമാണ്. ഇത്രയധികം പുരുഷാരത്തെ ഉള്‍ക്കൊണ്ടൊരു സമ്മേളനം ഇവിടെ ആദ്യം.
അച്ചടക്കത്തിന്റെയും സംഘബോധത്തിന്റെയും വിളംബരം തീര്‍ത്ത് ആദര്‍ശ വിശുദ്ധിയുടെ തൊണ്ണൂറു വര്‍ഷം എന്ന പ്രമേയത്തില്‍ നടന്ന മഹാസംഗമം സമസ്തയുടെ സന്ദേശം വാനോളം ഉയര്‍ത്തി. സമ്മേളന നഗരിയില്‍ ജനലക്ഷങ്ങള്‍ അണിനിരന്ന മഗ് രിബ് നമസ്‌കാരം നവ്യാനുഭവമായി.
നവതി ആഘോഷിക്കുന്ന സമസ്ത കേരളത്തില്‍ ചെയ്ത മഹത്തായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി അല്‍ ബിറ് സ്‌കൂള്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. അടുത്ത അദ്ധ്യായന വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്ന അല്‍ ബിറ് സ്‌കൂള്‍ മലയാളം അറബി ഇംഗ്ലീഷ് ഭാഷകള്‍ പ്രാധമിക വിദ്യാഭ്യാസ കാലത്തു തന്നെ നല്‍കുന്നു. കൂടെ ഖുര്‍ആന്‍ പഠനവും നിത്യ ജീവിതത്തിലെ പെരുമാറ്റ മര്യാദ തുടങ്ങിയവയില്‍ പ്രത്യേക പരിശീലനം നല്‍കും.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യാഥിതിയായി പങ്കെടുത്തു. മന്ത്രിമാരായ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, വി കെ ഇബ്രാഹീം കുഞ്ഞ്, എംപിമാരായ ഇ അഹമ്മദ്, കെ സി വേണുഗോപാല്‍, ജി സുധാകരന്‍ എംഎല്‍എ, പി കെ പി അബ്ദുസ്സലാം മുസ്‌ല്യാര്‍, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ആലിക്കുട്ടി മുസ്‌ല്യാര്‍, സി കെ എം സ്വാദിഖ് മുസ്‌ല്യാര്‍, പി പി ഉമര്‍ മുസ്‌ല്യാര്‍ കെയ്യോട് പ്രസംഗിക്കും. സമസ്ത സെക്രട്ടറി കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാര്‍ സ്വാഗതവും വാവട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍ പ്രാര്‍ഥനയും ദക്ഷിണ മേഖലാ സ്വാഗത സംഘം ചെയര്‍മാന്‍ ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍ നന്ദിയും പറയും.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി. പ്രഫ കെ ആലിക്കുട്ടി മുസ്‌ല്യാര്‍, ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ പങ്കെടുത്തു.
ശൈഖ് ബൂത്തി ബിന്‍ സഈദ് ബിന്‍ ബൂത്തി അല്‍ മക്ക്ത്തൂം (യുഎഇ), മാജിദ് അഹ്മദ് ജുമാ അബ്ദുല്ലാ അല്‍ മര്‍സൂക്കി (യുഎഇ), മാജിദ് അബ്ദുല്ല ഹസന്‍ മാജിദ് (യുഎഇ), മുഹമ്മദ് അഹ്മദ് ജുമാ അബ്ദുല്ലാ അല്‍ മര്‍സൂക്കി (യുഎഇ), ശരീഫ് ത്വാഹാ അലി അല്‍ ഹദ്ദാദ് (കെനിയ), ശൈഖ് ഖത്താബ് ഖലീഫ (കെനിയ), ശൈഖ് അബ്ദുന്നൂര്‍ ഇബ്‌ന് അബ്ദില്ലാഹ് അല്‍ മക്കിയ്യ് (കെനിയ), ശൈഖ് അബ്ദുല്‍ ഖാദര്‍ അല്‍ ജീലി മദീന മുഖ്യാഥിഥികളായി പങ്കെടുത്തു.
Next Story

RELATED STORIES

Share it