Middlepiece

ചരിത്രപരമായ മണ്ടത്തരം വീണ്ടും

ചരിത്രപരമായ മണ്ടത്തരം വീണ്ടും
X
slug-madhyamargamകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ രാഷ്ട്രീയനയം തീരുമാനിക്കുന്നത് മൂന്നു വര്‍ഷത്തിലൊരിക്കല്‍ കൂടുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സുകളാണ്. ലോകവ്യാപകമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഒരു ശീലമാണത്.
നയം രൂപപ്പെടുത്തുന്നതിനു മുമ്പ് ചര്‍ച്ച വേണമെന്നതു നിര്‍ബന്ധമാണ്. ഓരോ പാര്‍ട്ടി കോണ്‍ഗ്രസ്സുകളിലെയും ചര്‍ച്ചകളും നയരൂപീകരണവുമാണ് ചരിത്രമാവുന്നത്. ലോകത്തിന്റെയും മാനവരാശിയുടെയും മുമ്പോട്ടുള്ള പ്രയാണം ഈ നയത്തിന്റെ ഭാഗമാണെന്നു കമ്മ്യൂണിസ്റ്റുകള്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്. മറ്റുള്ളവര്‍ അങ്ങനെ വിശ്വസിക്കാത്തതുകൊണ്ടാണ് ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ താളംതെറ്റി താഴോട്ടുപോവുന്നത്. എന്നാലും പാര്‍ട്ടി ഉള്ള സ്ഥലങ്ങളിലൊക്കെ പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ ഉണ്ടാവും. ചര്‍ച്ചകളും ഉണ്ടാവും. ചില ഘട്ടങ്ങളില്‍ വോട്ടെടുപ്പും നടക്കും. മറ്റു ചില ഘട്ടങ്ങളില്‍ ഇറങ്ങിപ്പോക്കും തര്‍ക്കങ്ങളും അടിപിടിയും പിളര്‍പ്പും ഉണ്ടാവും. പാര്‍ട്ടി കോണ്‍ഗ്രസ് നയം തീരുമാനിച്ചുകഴിഞ്ഞാല്‍ പാര്‍ട്ടി മെംബര്‍മാര്‍ അത് അനുസരിക്കണം. സ്വന്തം അഭിപ്രായങ്ങള്‍ മറന്നു പാര്‍ട്ടി നയം നടപ്പാക്കാന്‍ ഓരോ മെംബറും പ്രവര്‍ത്തിക്കണം. നയം പിടിക്കുന്നില്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തുപോവണം. പാര്‍ട്ടിക്കുള്ളില്‍ നിന്ന് നയവ്യതിയാനം വരുത്തുന്നവരെ പിടിച്ചു പുറത്താക്കും. അങ്ങനെ പലരെയും പുറത്താക്കിയിട്ടുണ്ട്. പലരും പുതിയ പാര്‍ട്ടികള്‍ ഉണ്ടാക്കിയിട്ടുമുണ്ട്.
പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ച നയം അടിസ്ഥാനപരമായി മാറ്റണമെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ മാത്രമേ കഴിയൂ. പ്രത്യേക സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വിളിച്ചുകൂട്ടാം. ഇതിനിടയില്‍ പ്ലീനം പോലെയുള്ള ചില സംവിധാനങ്ങളും ഉണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ നയത്തില്‍ ചെറിയ ചില ഭേദഗതികള്‍ വരുത്താന്‍ കേന്ദ്രകമ്മിറ്റികള്‍ക്ക് അധികാരമുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് പാസാക്കിയ നയം തലകുത്തനെ മാറ്റാന്‍ കേന്ദ്രകമ്മിറ്റിക്ക് അധികാരമില്ല. ഇത്രയും വിവരിച്ചത് സിപിഎമ്മിന്റെ വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് നയം വന്ന വഴി വ്യക്തമാക്കാനാണ്.
ബിജെപിക്കും കോണ്‍ഗ്രസ്സിനും എതിരായി ശക്തമായ നിലപാടാണ് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് എടുത്തത്. രണ്ടു പാര്‍ട്ടികളെയും ചെറുത്തുതോല്‍പിക്കാനുള്ള പരസ്യമായ ആഹ്വാനമാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയത്. ഇതാണ് വരുന്ന മൂന്നു വര്‍ഷത്തെ സിപിഎം എന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ നയം. ഇതില്‍ വെള്ളം ചേര്‍ക്കാന്‍ പറ്റില്ല. ഈ രണ്ടു പാര്‍ട്ടികളെയും ചെറുത്തുതോല്‍പിക്കണമെങ്കില്‍ അവരുമായി ഏതെങ്കിലും വിധത്തില്‍ സഖ്യമോ ധാരണയോ നീക്കുപോക്കോ സാധ്യമല്ല. ഇവര്‍ എതിരാളികളാണ്. നേരിട്ട് എതിര്‍ക്കുക മാത്രമേ നിവൃത്തിയുള്ളൂ.
എന്നാല്‍, പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം കോണ്‍ഗ്രസ്സുമായി സഖ്യം വേണമെന്നു വാദിക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ പാര്‍ട്ടി ബംഗാള്‍ ഘടകം സഖ്യം സഖ്യം എന്ന് ഉറക്കെ നിലവിളിക്കുന്നു. മുമ്പാണെങ്കില്‍ നയത്തിനെതിരേ നേരിയ ശബ്ദം പുറപ്പെടുവിക്കാന്‍ ഇവരൊന്നും ധൈര്യം കാണിക്കുകയില്ലായിരുന്നു. പണ്ട് 1964ല്‍ കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണ് പാര്‍ട്ടി പിളര്‍ന്നത്. അന്നത്തെ കേന്ദ്രകമ്മിറ്റിയില്‍നിന്നു കുറച്ചുപേര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ആ ചരിത്രസ്മരണ മനസ്സില്‍ വച്ചുകൊണ്ടാണ് ബംഗാള്‍ ഘടകത്തിന്റെ കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തത്. ലോകസാഹചര്യങ്ങളും ഇന്ത്യന്‍ സാഹചര്യങ്ങളും ബംഗാള്‍ സാഹചര്യങ്ങളും ഒടുവില്‍ കേരള സാഹചര്യങ്ങളും കമ്മിറ്റിയില്‍ തലനാരിഴകീറി ചര്‍ച്ചചെയ്തുവത്രെ. കോണ്‍ഗ്രസ്സുമായി സഖ്യമോ ധാരണയോ വേണ്ട എന്നാണ് ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ഇതു രണ്ടും ഇല്ലാത്ത നീക്കുപോക്ക് വേണമെന്ന് ഒരുകൂട്ടര്‍ വാദിച്ചിട്ടുണ്ട്.
ബംഗാളില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പില്ലാത്തത് പാര്‍ട്ടിക്ക് നന്നായറിയാം. സഖാവ് ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ചരിത്രപരമായ മണ്ടത്തരം കാണിച്ച പാര്‍ട്ടി ജന്മനാട്ടില്‍ സഖാക്കള്‍ക്ക് നിന്നുപൊറുക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തുന്നത്.
Next Story

RELATED STORIES

Share it