ചരിത്രനേട്ടവുമായി പത്തനംതിട്ട ജില്ല

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ മലയോരജില്ലയായ പത്തനംതിട്ടയ്ക്ക് ചരിത്രനേട്ടം. 99.04 ശതമാനം വിജയം നേടി സംസ്ഥാനതലത്തില്‍ ഒന്നാമതെത്തിയാണ് പത്തനംതിട്ട ചരിത്രം സൃഷ്ടിച്ചത്. ഇതുവരെയുള്ള എസ്എസ്എല്‍സി പരീക്ഷാ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയശതമാനമാണ് ജില്ല സ്വന്തമാക്കിയത്.
കഴിഞ്ഞതവണ 98.88 ശതമാനവുമായി പത്തനംതിട്ട ഒന്നാമത് എത്തിയെങ്കിലും വിജയശതമാനത്തിന്റെ പേരില്‍ ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും ഫലപ്രഖ്യാപനം നടത്തിയപ്പോള്‍ പിന്നിലേക്ക് പോയി. 2014ല്‍ 96.78 ശതമാനം കുട്ടികളെ വിജയിപ്പിച്ച് നാലാം സ്ഥാനവും 2013ല്‍ 97.06 ശതമാനത്തോടെ രണ്ടാംസ്ഥാനവും പത്തനംതിട്ട നേടിയിരുന്നു.
2012ല്‍ 94.06 ശതമാനം പേരാണ് പത്തനംതിട്ടയില്‍ എസ്എസ്എല്‍സി വിജയിച്ചത്. അന്ന് ഒമ്പതാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു. ഇത്തവണ പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളിലെ 169 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 12,438 പേരില്‍ 12,318 പേരും വിജയിച്ച് അഭിമാനമൂഹൂര്‍ത്തത്തി ല്‍ പങ്കാളികളായി. 120 പേര്‍ മാത്രമാണു നിരാശപ്പെടുത്തിയത്.
സര്‍ക്കാര്‍ സ്‌കൂളുകളിലെ മികച്ച വിജയമാണ് നേട്ടത്തിന്റെ മാറ്റു കൂട്ടിയത്. 36 സര്‍ക്കാര്‍ സ്‌കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. 68 എയ്ഡഡ് സ്‌കൂളുകളും എട്ട് അണ്‍എയ്ഡഡ് സ്‌കൂളുകളും നൂറുമേനി വിജയം കൊയ്തു. പരീക്ഷയെഴുതിയ 6372 ആണ്‍കുട്ടികളില്‍ 6302 പേരും 6066 പെണ്‍കുട്ടികളില്‍ 6016 പേരും ഉപരിപഠനത്തിന് അര്‍ഹരായി. ഇവരില്‍ 570 പേരാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. 12,542 കുട്ടികളാണ് ഇത്തവണ പരീക്ഷയ്ക്ക് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 904 ആണ്‍കുട്ടികളും 811 പെണ്‍കുട്ടികളും ഉള്‍പ്പടെ 1715 പേരും എയ്ഡഡ് മേഖലയില്‍ 10,275ഉം അണ്‍എയ്ഡഡ് മേഖലയില്‍ 552 പേരും രജിസ്റ്റര്‍ ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത് തിരുവല്ല എംജിഎം എച്ച്എസ്എസിലും കുറവ് തിരുവല്ല സിഎംഎസ് സ്‌കൂളിലുമാണ്.
Next Story

RELATED STORIES

Share it