thrissur local

ചരിത്രനിര്‍മിതി സംഘപരിവാരത്തിന്റേതാക്കാന്‍ നീക്കം: കാനം രാജേന്ദ്രന്‍

തൃശൂര്‍: ചരിത്രം ജനങ്ങളുടേതല്ലാതാക്കാനും ചരിത്ര നിര്‍മിതി സംഘപരിവാറിന്റെ കുത്തകയാക്കാനുമുള്ള ശ്രമം രാജ്യത്ത് നടന്നുവരികയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു. ദേശീയ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ നരേന്ദ്രമോദി നടത്തിയ കൈകടത്തല്‍ ഇതിനു തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലയിലെ ചരിത്രം രേഖപ്പെടുത്തിയ ഗ്രന്ഥം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കാനം. ചരിത്ര നിര്‍മിതിയില്‍ പങ്ക് വഹിച്ചവരെ അവഗണിക്കാനുള്ള ശ്രമത്തിന് ശക്തി വര്‍ധിച്ചിരിക്കുന്ന സാഹചര്യമാണിത്. അതോടൊപ്പം തങ്ങള്‍ക്ക് അനുകൂലമായി ചരിത്രം വളച്ചൊടിക്കാനും ശ്രമം നടക്കുന്നു. ഇതിന്റെ ഭാഗമായി ജനകീയ സമരങ്ങളുടെ ചരിത്രം തമസ്‌കരിക്കാനുള്ള നീക്കവുമുണ്ടാകും.
തൃശൂരിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം, കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതാണ്. കേരളത്തിലെ ആദ്യതൊഴിലാളി പ്രസ്ഥാനം രജിസ്റ്റര്‍ ചെയ്തതും ആദ്യമായി തൊഴില്‍ സമരമുണ്ടായതും ആദ്യത്തെ രക്തസാക്ഷിയുണ്ടായതും ആലപ്പുഴയിലാണെങ്കിലും പാര്‍ട്ടി ചരിത്രത്തില്‍ പലതുകൊണ്ടും നിര്‍ണായകമായ പങ്കുണ്ട് തൃശൂര്‍ ജില്ലയ്ക്ക്. ലേബര്‍ ബ്രദര്‍ ഹുഡിന്റെയും കര്‍ഷക പ്രസ്ഥാനത്തിന്റെയും ജനനവും വളര്‍ച്ചയും, അയിത്തോച്ചാടനത്തിനും സാമൂഹ്യ പരിഷ്‌കരണത്തിനുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍, ക്യൂണിസ്റ്റ് പാര്‍ട്ടിക്ക് തൃശൂര്‍ ജില്ല സംഭാവന ചെയ്ത ആദരണീയ നേതാക്കള്‍, സ്വതന്ത്ര കേരളത്തിന്റെ നിര്‍മിതിയില്‍ തൃശൂര്‍ വഹിച്ചപങ്ക്- ഇവയൊക്കെ കാനം വിവരിച്ചു. ഇതുപോലെ മറ്റു ജില്ലകളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം സ്വരൂപിക്കുന്നതിനെക്കുറിച്ചും സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ ആലോചിക്കുന്നുണ്ട്. അത് കേരളത്തിന്റെ സമഗ്ര ചരിത്രം കൂടിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ടൗണ്‍ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു. പുസ്തകം മുതിര്‍ന്ന സിപിഐ നേതാവ് എ എം പരമന്‍ ഏറ്റുവാങ്ങി. ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് പുസ്തകം പരിചയപ്പെടുത്തി.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം യു പി ജോസഫ്, സിപിഐ (എംഎല്‍) റെഡ് ഫഌഗ് സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിച്ചെക്കന്‍, സിഎംപി സംസ്ഥാന സെക്രട്ടറി എം കെ കണ്ണന്‍, അഡ്വ. കെ രാജന്‍ എംഎല്‍എ, വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, എ കെ ചന്ദ്രന്‍, പ്രഫ. മീനാക്ഷി തമ്പാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ഗ്രന്ഥരചയിതാവ് അഡ്വ. ഇ രാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ സിപിഐ നിയമസഭാ സാമാജികരെ സി എന്‍ ജയദേവന്‍ എംപിയും ആദ്യകാല നേതാക്കളെ കൃഷിമന്ത്രി വി എസ് സുനില്‍കുമാറും സാംസ്‌കാരിക രംഗത്തെ പ്രതിഭകളെ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രനും ആദരിച്ചു. പി ബാലചന്ദ്രന്‍ സ്വാഗതവും അഡ്വ. ടി ആര്‍ രമേശ്കുമാര്‍ നന്ദിയും പറഞ്ഞു. സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Next Story

RELATED STORIES

Share it