Districts

ചരിത്രനഗരിയുടെ അങ്കത്തട്ടില്‍ 162 അംഗനമാര്‍

ആബിദ്

കോഴിക്കോട്: ചരിത്രനഗരിയില്‍ ഇത്തവണ അങ്കംവെട്ടുന്നത് 162 അംഗനമാര്‍. കോഴിക്കോട് കോര്‍പറേഷനില്‍ സംവരണ മണ്ഡലങ്ങളില്‍ മാത്രമല്ല ജനറല്‍ സീറ്റുകളിലും പാര്‍ട്ടികള്‍ സ്ത്രീകളെ മല്‍സര രംഗത്തിറക്കിയിട്ടുണ്ട്.
കോര്‍പറേഷനിലെ 75 വാര്‍ഡുകളില്‍ ആകെ 337 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. 175 പേരുമായി പുരുഷമാര്‍ തന്നെയാണ് മുന്നിലെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ ഭൂരിപക്ഷം സ്ത്രീകള്‍ക്കാണ്. സ്വതന്ത്രവേഷത്തില്‍ അധികം സ്ത്രീകള്‍ മല്‍സര രംഗത്തിറങ്ങാത്തതുകൊണ്ട് മാത്രമാണ് പുരുഷന്‍മാര്‍ക്ക് എണ്ണത്തില്‍ മികവ് പുലര്‍ത്താനായത്. 34 വനിതകളാണ് സിപിഎമ്മിന്റെ ഔദ്യോഗിക ചിഹ്നത്തില്‍ മല്‍സരിക്കുന്നത്. ഇതില്‍ ചെറുവണ്ണൂര്‍ ഈസ്റ്റ് ജനറല്‍ വാര്‍ഡാണെങ്കിലും നിലവിലെ കൗണ്‍സിലര്‍ ശ്രീജ ഹരീഷിന് പാര്‍ട്ടി ഒരവസരംകൂടി നല്‍കുകയായിരുന്നു.
30 സ്ത്രീകള്‍ക്ക് അവസരം നല്‍കിയ കോണ്‍ഗ്രസ് മൂന്ന് ജനറല്‍ വാര്‍ഡുകളില്‍ വനിതകളെയാണ് മല്‍സരിപ്പിക്കുന്നത്. ചേവായൂരില്‍ അഡ്വ. വിദ്യ ബാലകൃഷ്ണന്‍, കുടില്‍ തോട് അനിതാ കൃഷ്ണന്‍, കല്ലായിയില്‍ സുധാമണി എന്നിവരാണ് പുരുഷകേസരികളോട് ഏറ്റുമുട്ടുന്ന കോണ്‍ഗ്രസ്സിലെ മഹിളാ രത്‌നങ്ങള്‍.
മൂന്നിടങ്ങളില്‍ യുഡിഎഫ് സ്വതന്ത്രരായും സ്ത്രീകള്‍ രംഗത്തുണ്ട്. ഇതില്‍ കൊമ്മേരിയിലേത് ജനറല്‍ സീറ്റാണെങ്കിലും കവിതാ അരുണിനെയാണ് യുഡിഎഫ് സീറ്റ് നിലനിര്‍ത്താന്‍ ഏല്‍പ്പിച്ചത്. ലീഗിന്റെ സിറ്റിങ് സീറ്റായ ഇവിടത്തെ നിലവിലെ കൗണ്‍സിലറാണ് കവിത. കോണി ചിഹ്‌നത്തില്‍ ഏഴ് വനിതകളെ അങ്കത്തിനിറക്കിയ ലീഗ് ജനറല്‍ സീറ്റിലും വനിതയ്ക്ക് അവസരം നല്‍കിയിട്ടുണ്ട്. തിരുവണ്ണൂരില്‍ നിലവിലെ കൗണ്‍സിലര്‍ ആയി ഷബി പാണ്ടികശാലയാണ് മല്‍സരിക്കുന്നത്. ജനതാദള്‍ യു രണ്ട് പേരെയാണ് മല്‍സരിപ്പിക്കുന്നത്. സിപിഐ 4 വനിതകളെ മല്‍സരിപ്പിക്കുമ്പോള്‍ എന്‍സിപി ഒരിടത്താണ് അവസരം നല്‍കിയത്. ഈസ്റ്റ്ഹില്‍ സംവരണ വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രയാണ് മല്‍സരിക്കുന്നത്. കുറ്റിച്ചിറയില്‍ ഇടതുമുന്നണിക്ക് പകരം ജനകീയ മുന്നണിയാണ് കോണി ചിഹ്‌നത്തില്‍ മല്‍സരിക്കുന്ന ലീഗ് സ്ഥാനാര്‍ഥി ശ്രീകലയെ എതിരിടുന്നത്.
35 പേര്‍ ബിജെപി സ്ഥാനാര്‍ഥികളായും രണ്ടു പേര്‍ ബിജെപി മുന്നണി സ്ഥാനാര്‍ഥികളായും ഒരാള്‍ സ്വതന്ത്രയായും മല്‍സരരംഗത്തുണ്ട്. ജനറല്‍ സീറ്റില്‍ പാര്‍ട്ടി വനിതകളെ മല്‍സരിപ്പിക്കുന്നില്ല. എസ്ഡിപിഐ ഏഴിടങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടി 8 സീറ്റുകളിലുമാണ് വനിതകളെ മല്‍സരിപ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടി ഒരിടത്താണ് വനിതയെ രംഗത്തിറക്കിയത്. നല്ലളത്തെ ജനറല്‍ സീറ്റില്‍ വല്‍സലയാണ് എഎപി സ്ഥാനാര്‍ഥി. കല്ലായിയില്‍ കോണ്‍ഗ്രസ്സിലെ സുധാമണിക്കെതിരേ എതിരാളികള്‍ രംഗത്തിറക്കിയ അപരരുള്‍പ്പെടെയുള്ള സ്വതന്ത്രരും കൂടി ചേര്‍ന്നാണ് വനിതാ സ്ഥാനാര്‍ഥികളുടെ അംഗസംഖ്യ 162ലെത്തിച്ചത്.
Next Story

RELATED STORIES

Share it