ചരിത്രം മാറ്റാനൊരുങ്ങിദക്ഷിണകൊറിയ

സോള്‍: രാജ്യത്തെ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന ചരിത്രപുസ്തകങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണകൊറിയ. നിലവില്‍ എട്ടു വ്യത്യസ്ത കമ്പനികള്‍ നിര്‍മിക്കുന്ന പാഠപുസ്തകങ്ങളില്‍ നിന്നും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമുണ്ട്. 2017 മുതല്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന ചരിത്രപുസ്തകങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് പുതിയ സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളത്. ഇതിനെതിരേ പ്രതിപക്ഷപാര്‍ട്ടിയില്‍ നിന്നും അക്കാദമിക മേഖലയില്‍നിന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ ചരിത്രപുസ്തകം ഇടതുചായ്‌വുള്ളതും അമേരിക്കന്‍ വിരുദ്ധവും ഉത്തരകൊറിയന്‍ അനുകൂല വികാരം ഉളവാക്കുന്നതാണെന്നുമാണ് സര്‍ക്കാരിന്റെ വാദമെന്നു ബി.ബി.സി. റിപോര്‍ട്ട് ചെയ്തു.

ദ കറന്റ് ടെക്‌സ്റ്റ് ബുക്ക് ഓഫ് ഹിസ്റ്ററി എന്ന പേരിലുള്ള പുതിയ പുസ്തകം തയ്യാറാക്കുന്നത് സര്‍ക്കാര്‍ നിയമിക്കുന്ന ചരിത്രാധ്യാപകരുടെയും വിദഗ്ധരുടെയും സമിതിയായിരിക്കും. ചരിത്രത്തെ സര്‍ക്കാര്‍ വളച്ചൊടിക്കുകയാണെന്നാണ് പ്രതിപക്ഷവും മറ്റും ആരോപിക്കുന്നത്. പുസ്തകം ചരിത്രത്തിന്റെ വ്യാഖ്യാനത്തില്‍ സര്‍ക്കാര്‍ ഇടപെടലിന് അവസരമൊരുക്കുകയാണെന്നാരോപിച്ച് വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ ദിവസം പ്രതിഷേധറാലി സംഘടിപ്പിച്ചതായി കൊറിയാ ടൈംസ് റിപോര്‍ട്ട് ചെയ്തു. അതേസമയം, പക്ഷപാതമില്ലാതെയായിരിക്കും പുസ്തകം തയ്യാറാക്കുകയെന്നും മാറ്റം അനിവാര്യമാണെന്നും വിദ്യാര്‍ഥികളും അധ്യാപകരും ഇപ്പോഴത്തെ പുസ്തകത്തില്‍ സംതൃപ്തരല്ലെന്നും ഭരണത്തിലിരിക്കുന്ന സെയ്‌നൂരി പാര്‍ട്ടി ചെയര്‍മാന്‍ ഹ്വാങ് വൂ യീ പറഞ്ഞു.
Next Story

RELATED STORIES

Share it