ചരിത്രം ആവര്‍ത്തിച്ച് കേരളാ കോണ്‍ഗ്രസ്

ഷിനു പ്രകീര്‍ത്ത്

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് ഒരുവിഭാഗം നേതാക്കള്‍ രാജിവച്ചതോടെ വളരും തോറും പിളരും എന്ന പാര്‍ട്ടിയെക്കുറിച്ചുള്ള കെ എം മാണിയുടെ ആപ്തവാക്യം വീണ്ടും ശരിയാവുന്നു. 1964ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനെ പിളര്‍ത്തി കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ രൂപീകരിച്ച കേരളാ കോണ്‍ഗ്രസ് അഞ്ചു പതിറ്റാണ്ട് പിന്നിടുമ്പോള്‍ പിളര്‍പ്പ് ഒരു ഡസനിലേറെയായി.
കേരളാ കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗങ്ങളായ ഫ്രാന്‍സിസ് ജോര്‍ജ്, ഡോ. കെ സി ജോസഫ്, ആന്റണി രാജു എന്നിവര്‍ പാര്‍ട്ടി വിട്ടതാണ് ഒടുവിലത്തെ പിളര്‍പ്പിന് വഴിതെളിച്ചത്. അടിയന്തരാവസ്ഥക്കാലത്തെ സി അച്യുതമേനോന്‍ മന്ത്രിസഭയില്‍ കേരളാ കോണ്‍ഗ്രസ് ചേര്‍ന്നതാണ് ആദ്യത്തെ പിളര്‍പ്പിനു വഴിയൊരുക്കിയത്. കെ എം ജോര്‍ജ് പാര്‍ട്ടി ചെയര്‍മാന്‍ പദവിയും മന്ത്രിപദവിയും ഒന്നിച്ചു വഹിക്കുന്നതിനെ കെ എം മാണി എതിര്‍ത്തു. തുടര്‍ന്ന് ബാലകൃഷ്ണപിള്ളയും മാണിയും മന്ത്രിമാരായി. പഞ്ചാബ് മോഡല്‍ പ്രസംഗത്തെ തുടര്‍ന്ന് പിള്ള രാജിവച്ചപ്പോള്‍ കെ എം ജോര്‍ജ് മന്ത്രിയായി. 1976ല്‍ കെ എം ജോര്‍ജ് അന്തരിച്ചതോടെ പകരം മന്ത്രിയായി എം സി ചാക്കോയെ ബാലകൃഷ്ണപിള്ളയും ഇ ജോണ്‍ ജേക്കബിനെ മാണിയും നിര്‍ദേശിച്ചു. ജോണ്‍ ജേക്കബ് മന്ത്രിയായി. ഇതു പിള്ള ഗ്രൂപ്പിന്റെ രൂപീകരണത്തിനു വഴിയൊരുക്കി. 1977ലെ ഐക്യമുന്നണി മന്ത്രിസഭയില്‍ മാണിയും കെ നാരായണക്കുറുപ്പും ജോണ്‍ ജേക്കബും അംഗങ്ങളായി. 78ല്‍ മാണിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയപ്പോള്‍ പി ജെ ജോസഫ് മന്ത്രിയായി. മാണി കേസ് ജയിച്ചപ്പോള്‍ ജോസഫ് സ്ഥാനമൊഴിഞ്ഞു. മാണി ഒഴിഞ്ഞ ചെയര്‍മാന്‍ സ്ഥാനത്തേക്കു ജോസഫ് മല്‍സരിച്ചെങ്കിലും മാണിയുടെ ഒത്താശയോടെ വി ടി സെബാസ്റ്റിയന്‍ ചെയര്‍മാനായി. അതോടെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് രൂപം കൊണ്ടു.
എന്നാല്‍ 1984ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജോസഫും മാണിയും വീണ്ടും ഒന്നിച്ചെങ്കിലും മൂന്നുവര്‍ഷത്തിനുള്ളില്‍ വേര്‍പിരിഞ്ഞു. 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പിള്ള ജോസഫ് ഗ്രൂപ്പില്‍ നിന്നു പുറത്തുപോയി പുതിയ ഗ്രൂപ്പ് രൂപീകരിച്ചു. മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എമ്മില്‍ പിന്നീടൊരു പിളര്‍പ്പുണ്ടാവുന്നത് 1993ലാണ്. ടി എം ജേക്കബിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി വിട്ട് ജേക്കബ് ഗ്രൂപ്പുണ്ടാക്കി. ജോസഫ് ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന പി സി ജോര്‍ജ് 2006ല്‍ പിളര്‍ന്നു കേരളാ സെക്കുലര്‍ രൂപീകരിച്ചു. പിന്നീട് പി സി തോമസ് വിഭാഗം ജോസഫ് ഗ്രൂപ്പിലുമെത്തി. ഐക്യ കേരളാ കോണ്‍ഗ്രസ് എന്ന പേരില്‍ പിള്ളയും ജേക്കബും ഒഴികെയുള്ള കേരളാ കോണ്‍ഗ്രസ്സുകള്‍ ഒന്നിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2010ല്‍ കേരളാ കോണ്‍ഗ്രസ് സെക്കുലറും 2011ല്‍ ജോസഫ് വിഭാഗവും മാണി ഗ്രൂപ്പില്‍ ലയിച്ചു. ഇതില്‍ പ്രതിഷേധിച്ച് പി സി തോമസ് കേരളാ കോണ്‍ഗ്രസ് ലയന വിരുദ്ധ ഗ്രൂപ്പുണ്ടാക്കുകയും തിരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് എന്ന പേര് നേടിയെടുക്കുകയും ചെയ്തു.
പി സി തോമസ് വിഭാഗത്തില്‍ നിന്ന് പുറത്തു പോയി സ്‌കറിയ തോമസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കുകയും പി സി തോമസ് വിഭാഗം വീണ്ടും എന്‍ഡിഎയുടെ ഭാഗമാവുകയും ചെയ്തു. മാണിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്തായ പി സി ജോര്‍ജ് പഴയ സെക്കുലര്‍ വീണ്ടും പുനരുജ്ജീവിപ്പിച്ചു.
Next Story

RELATED STORIES

Share it