ചരക്ക് സേവനനികുതി നടപ്പാക്കുന്നതിന് കേരളം സജ്ജം: ഡോ. വി കെ ബേബി

കൊച്ചി: ചരക്ക് സേവനനികുതി നടപ്പാക്കുന്നതിന് കേരളം സജ്ജമാണെന്നു സംസ്ഥാന ടാക്‌സസ് വിഭാഗം സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വി കെ ബേബി. ചരക്കുസേവന നികുതിയെക്കുറിച്ച് കേന്ദ്ര ധനമന്ത്രാലയവുമായി ചേര്‍ന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി(ഫിക്കി) സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് (ജിഎസ്ടി) നടപ്പാക്കുന്നതിനുള്ള നിയമനിര്‍മാണത്തിലൂടെ രാജ്യത്തെ വ്യാവസായികാന്തരീക്ഷത്തില്‍ അദ്ഭുതകരമായ മാറ്റം സംഭവിക്കാന്‍ പോവുകയാണ്. ചരക്കുനീക്കത്തിന്റെ കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ പുതിയൊരു ഏകോപനമുണ്ടാവും. സെന്‍ട്രല്‍ എക്‌സൈസ്, കസ്റ്റംസ് സര്‍വീസ് ടാക്‌സ്, വാറ്റ് തുടങ്ങി എല്ലാ നികുതികളും ജിഎസ്ടിയുടെ ഒറ്റ കുടക്കീഴില്‍ വരുന്നതു കേരളംപോലെ ഒരു ഉപഭോക്തൃ സംസ്ഥാനത്തിനു ഗുണകരമാവും. നികുതി ഏകീകരിക്കപ്പെടുമ്പോള്‍ കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താന്‍ മടിച്ചുനില്‍ക്കുന്ന അവസ്ഥയ്ക്കു മാറ്റമുണ്ടാകും. സംസ്ഥാനങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായാല്‍ പരിഹരിക്കുന്നതിന് ജിഎസ്ടിയില്‍ പ്രത്യേക സംവിധാനമുണ്ടാവണമെന്നും വി കെ ബേബി നിര്‍ദേശിച്ചു. കേരളംപോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടിയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ആമുഖപ്രഭാഷണം നടത്തിയ ഡല്‍ഹി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ രവനീത് സിങ് ഖുറാന പറഞ്ഞു.
ഹോട്ടല്‍ താജ് ഗേറ്റ്‌വേയില്‍ നടന്ന ശില്‍പശാലയില്‍ കേന്ദ്ര ടാക്‌സ് ആന്റ് റെഗുലേറ്ററി സര്‍വീസസ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ സച്ചിന്‍ മേനോന്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിശാല്‍ പ്രതാപ് സിങ്, കെ പി എം ജി ഓപറേഷന്‍സ് പാര്‍ട്ട്ണര്‍ കെ ജയരാമന്‍ എന്നിവര്‍ ജിഎസ്ടിയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, കൊച്ചി പ്രസിഡന്റ് കെ ബി രാജന്‍, കൊച്ചിന്‍ എക്‌സ്‌പോര്‍ട്ട് പ്രൊസസിങ് സോണ്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് കെ കെ പിള്ള, കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഖജാഞ്ചി ജി ഗോപാല്‍ ഷേണായി. ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍മാന്‍ ദീപക് എല്‍ അസ്വാനി, ഫിക്കി സ്റ്റേറ്റ് കൗണ്‍സില്‍ മേധാവി സാവിയോ മാത്യു സംസാരിച്ചു.
Next Story

RELATED STORIES

Share it