ചന്ദ്രശേഖരന്‍ വീണ്ടും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്

കൊച്ചി: ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റായി ആര്‍ ചന്ദ്രശേഖരന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എതിരില്ലാതെയാണ് ചന്ദ്രശേഖരന്‍ തിരഞ്ഞെടുക്കപ്പെട്ടത്. 2014 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ 1850 പേര്‍ പങ്കെടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ചന്ദ്രശേഖരന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. ഐഎന്‍ടിയുസി അഖിലേന്ത്യാ ട്രഷറര്‍ കെ കെ നായര്‍ വരണാധികാരിയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസിക്ക് 20 സീറ്റുകള്‍ നല്‍കണമെന്ന് കെപിസിസി എഐസിസി നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മല്‍സരിക്കാനുള്ള ഐഎന്‍ടിയുസി നേതാക്കളുടെ പട്ടിക ഇന്ന് പാര്‍ട്ടി നേതൃത്വത്തിന് കൈമാറുമെന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളി യൂനിയനുകള്‍ക്ക് നിയമസഭയിലും ലോക്‌സഭയിലും പ്രാതിനിധ്യം അനിവാര്യമാണ്. തൊഴില്‍ വകുപ്പ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി തന്നെ ഏറ്റെടുക്കുകയും തൊഴിലാളി യൂനിയനുമായി ബന്ധപ്പെട്ടവരെ തൊഴില്‍ മന്ത്രിയാക്കുകയും വേണം. അങ്ങനെ വന്നാല്‍ പല തൊഴില്‍ തര്‍ക്കങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കള്‍ ഐഎന്‍ടിയുസി എന്ന വാക്ക് മറക്കുകയാണ്. ഐഎന്‍ടിയുസി നേതാക്കള്‍ കെപിസിസി ഭാരവാഹികളായാല്‍ പിന്നെ ഐഎന്‍ടിയുസിയുടെ പേര് ഉച്ചരിക്കില്ല.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഡിസിസി പ്രസിഡന്റുമാര്‍ ഇതിന് തയ്യാറാവാതെ വന്നതോടെയാണ് പലയിടത്തും ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ വിമതരായി മല്‍സരിച്ചത്. താഴേത്തട്ടുമുതല്‍ മേലെത്തട്ടുവരെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ പാര്‍ട്ടിയിലെ സകല ഗ്രൂപ്പുകളും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it