ചന്ദ്രയാന്‍ രണ്ട്: റഷ്യയുടെ സഹായം തേടില്ല

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ട് പദ്ധതി റഷ്യയുടെ സഹായം കൂടാതെ നടപ്പാക്കാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആര്‍ഒ) തീരുമാനിച്ചു. അമേരിക്കയുടെ ചെറു സഹായത്താല്‍ ചന്ദ്രനിലിറങ്ങാനുള്ള ഉപകരണങ്ങളും മറ്റും തദ്ദേശീയമായി നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയര്‍മാന്‍ എ എസ് കിരണ്‍കുമാര്‍ പറഞ്ഞു.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ് കോസ്‌മോസുമായി ചന്ദ്രയാന്‍ ദൗത്യത്തിന് 2010ല്‍ ഐഎസ്ആര്‍ഒ കരാറുണ്ടാക്കിയിരുന്നു. 2017 ഡിസംബറിലോ 2018 ആദ്യത്തിലോ ചന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ തീരുമാനിച്ചിട്ടുള്ളത്. ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയത് ചന്ദ്രയാന്‍ ഒന്ന് ദൗത്യത്തിലൂടെയായിരുന്നു.
റഷ്യന്‍ ഉപകരണങ്ങളില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അമേരിക്കന്‍ ബഹിരാകാശ കേന്ദ്രമായ നാസയുമായി ഏതാനും വര്‍ഷങ്ങള്‍ ഇന്ത്യ സഹകരിച്ചിരുന്നു. എന്നാല്‍, 1974ലും 1998ലും ഇന്ത്യ അണു പരീക്ഷണം നടത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം നിലച്ചത്. തുടര്‍ന്ന് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതോടെ ബഹിരാകാശ പര്യവേക്ഷണ മേഖലയിലും സഹകരണം വര്‍ധിച്ചു. ചൊവ്വാ ദൗത്യത്തില്‍ രണ്ടു ഏജന്‍സികളും സഹകരിച്ചുപ്രവര്‍ത്തിച്ചിരുന്നു.
ചന്ദ്രയാന്‍ ദൗത്യവുമായി തനിച്ച് മുന്നോട്ടു പോവാന്‍ ഇന്ത്യ തീരുമാനിച്ചെങ്കിലും മറ്റു പദ്ധതികളില്‍ റഷ്യയുമായി സഹകരണം തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it