ചന്ദ്രബോസ് വധക്കേസ്: സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായില്ല

ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം നല്‍കിയ ഹരജി സുപ്രിംകോടതി പരിഗണിച്ച ഇന്നലെ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹാജരായില്ല. സര്‍ക്കാര്‍ അഭിഭാഷകനെവിടെയെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാവാഞ്ഞതിനാല്‍ ചന്ദ്രബോസ് വധക്കേസ് വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന നിഷാമിന്റെ ഹരജി പരിഗണിക്കുന്നത് കോടതി തിങ്കാളാഴ്ചത്തേക്കു മാറ്റി.
നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളിയതിനു പിന്നാലെയാണ് വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. സാധാരണ ആദ്യം ഹരജി പരിഗണിക്കുമ്പോള്‍ എതിര്‍ഭാഗം അഭിഭാഷകര്‍ ഹാജരാവണമെന്നു നിര്‍ബന്ധമില്ല. നോട്ടീസ് അയയ്ക്കുന്ന മുറയ്ക്കാണ് എതിര്‍ഭാഗം അഭിഭാഷകര്‍ ഹാജരാവേണ്ടതുള്ളൂ. എന്നാല്‍, ഗൗരവമേറിയ വിഷയങ്ങളിലും സര്‍ക്കാരിനെതിരേയുള്ള കേസുകളിലും ആദ്യഘട്ടത്തില്‍ തന്നെ എതിര്‍വാദം ഉന്നയിക്കുന്നതിനായി സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാവാറുണ്ട്. നിഷാം നല്‍കിയ ജാമ്യാപേക്ഷ ആദ്യം പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ രമേശ് ബാബുവും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും ഹാജരായിരുന്നു.
ഇതു കണക്കിലെടുത്താണ് നിഷാം നല്‍കിയ മറ്റൊരു ഹരജി പരിഗണിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ അഭിഭാഷകന്‍ എവിടെയെന്നു കോടതി ആരാ ഞ്ഞത്.
തനിക്കെതിരേയുള്ള വിചാരണ കേരളത്തില്‍ നടക്കുന്നതു നീതിപൂര്‍വമല്ലെന്നും പോലിസ് സാക്ഷികളെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും തനിക്കെതിരേ മൊഴി നല്‍കിക്കുകയാണെന്നുമാണ് നിഷാം വാദിച്ചത്. തനിക്കെതിരേ മാധ്യമ വിചാരണ നടക്കുകയാണെന്നും ഇത് കോടതിവിചാരണയെ ബാധിക്കാനിടയുണ്ടെന്നും നിഷാം വാദിച്ചു.
എന്നാല്‍, മാധ്യമങ്ങള്‍ ഇത്രയധികം ഇടപെടല്‍ നടത്താന്‍ കേസിന് ഇത്ര പ്രാധാന്യമെന്തെന്ന ചോദ്യമാണ് കോടതി ഉയര്‍ത്തിയത്. താന്‍ ബിസിനസുകാരനാണെന്നും ഇതില്‍ അസൂയയുള്ളവരാണ് തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു നിഷാമിന്റെ മറുപടി. ഇതേത്തുടര്‍ന്നാണ് കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ എവിടെയെന്ന് കോടതി ചോദിച്ചത്. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാവാഞ്ഞതു കൊണ്ട് കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കൂടാതെ, ഹരജിയുടെ പകര്‍പ്പ് നേരിട്ട് രമേശ് ബാബുവിന് എത്തിക്കാനും കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it