ചന്ദ്രബോസ് വധക്കേസ്: വിചാരണ കേരളത്തിനു പുറത്തേക്ക് മാറ്റണമെന്ന ഹരജി തള്ളി

ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന പ്രതി മുഹമ്മദ് നിഷാമിന്റെ ഹരജി സുപ്രിംകോടതി തള്ളി. നിഷാമിനും മറ്റു പ്രതിഭാഗം സാക്ഷികള്‍ക്കും ആവശ്യമായ പോലിസ് സുരക്ഷ ഉറപ്പുവരുത്താനും കോടതി നിര്‍ദേശിച്ചു. കേരളത്തില്‍ വിചാരണ നടന്നാല്‍ തനിക്കു നീതി ലഭിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നിഷാം സുപ്രിംകോടതിയെ സമീപിച്ചത്.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ വിചാരണക്കോടതി നിലനില്‍ക്കുന്ന തൃശൂരിനു പുറത്ത് മറ്റൊരു ജില്ലയിലേക്കു മാറ്റണമെന്ന ആവശ്യമാണ് നിഷാമിന്റെ അഭിഭാഷകന്‍ ഉന്നയിച്ചത്. എന്നാല്‍, ഈ ആവശ്യത്തെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ എതിര്‍ത്തു.
വിചാരണ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മറ്റൊരു സ്ഥലത്തേക്കു മാറ്റിയാല്‍ നടപടികളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവം നടന്ന സ്ഥലത്തിനടുത്താണ് കോടതി സ്ഥിതിചെയ്യുന്നത് എന്നതിനാല്‍ ജനങ്ങള്‍ തടിച്ചുകൂടുന്നതു സംഘര്‍ഷത്തിന് ഇടയാക്കുന്നുണ്ടെന്നു നിഷാമിന്റെ അഭിഭാഷകനും വാദിച്ചു.
ഇക്കാര്യം അംഗീകരിക്കാന്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. കോടതിയിലേക്കു വരുമ്പോഴും തിരികെ പോകുമ്പോഴും ആവശ്യമായ പോലിസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഡിജിപിയും ജില്ലാ പോലിസ് സൂപ്രണ്ടും ഇക്കാര്യം ഉറപ്പുവരുത്തണം. സുരക്ഷാവീഴ്ചയുണ്ടായാല്‍ നിഷാമിനു കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it