Districts

ചന്ദ്രബോസ് വധക്കേസ് വിചാരണ; നിസാമിന്റെ ഭാര്യ കൂറുമാറി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന്റെ ഭാര്യയും 11ാം സാക്ഷിയുമായ അമല്‍ കൂറുമാറി. മജിസ്‌ട്രേറ്റ് കോടതിയില്‍ നേരത്തേ നല്‍കിയ രഹസ്യമൊഴി ഇന്നലെ അടച്ചിട്ട മുറിയില്‍ നടന്ന സാക്ഷിവിസ്താരത്തില്‍ അമല്‍ മാറ്റിപ്പറയുകയായിരുന്നു. നിസാമിന് അനുകൂലമായ മൊഴി നല്‍കിയ അമല്‍ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് ഉദയഭാനു കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി ഇവര്‍ കൂറുമാറിയതായി പ്രഖ്യാപിച്ചു.
പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയിലായിരുന്നു അമല്‍ ഉള്‍പ്പെട്ടിരുന്നത്. അമലിന്റെ ആവശ്യ പ്രകാരം രഹസ്യ വിചാരണയാണു നടക്കുന്നത്. ചന്ദ്രബോസിന് നേരെയുണ്ടായത് മനപ്പൂര്‍വമായ ആക്രമണമായിരുന്നില്ലെന്നും വാഹനാപകടമായിരുന്നെന്നും അമല്‍ കോടതിയില്‍ പറഞ്ഞു. ഇവര്‍ കൂറുമാറുമെന്ന് നേരത്തേ അറിയാമായിരുന്നതിനാല്‍ കരുതലോടെയായിരുന്നു പ്രോസിക്യൂഷന്റെ നീക്കം. അമലിന്റെ വിസ്താരം വെള്ളിയാഴ്ചയും തുടരും.
രാവിലെ കോടതി കേസ് പരിഗണിക്കുമ്പോള്‍ തന്നെ ഇവര്‍ക്കു വേണ്ടി അഭിഭാഷകന്‍ രഹസ്യ വിചാരണയ്ക്കുള്ള അപേക്ഷയും നല്‍കി. തുടര്‍ന്ന് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അഭിപ്രായം കോടതി തേടി. രഹസ്യ വിചാരണ അനുവദിക്കാനാവില്ലെന്നും മറ്റു സാക്ഷികള്‍ക്കും ഈ ഇളവുകള്‍ നല്‍കേണ്ട സാഹചര്യമുണ്ടാവുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി അമലിന്റെ അപേക്ഷ അനുവദിച്ചു. വാദി-പ്രതിഭാഗങ്ങളുടെ കേസില്‍ ഹാജരാവുന്ന അഭിഭാഷകരും കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുമൊഴിച്ചുള്ളവരെ കോടതി ഹാളില്‍ നിന്ന് ഒഴിവാക്കി. അടച്ചിട്ട കോടതി ഹാളിനകത്തായിരുന്നു വിസ്താരം തുടര്‍ന്നത്. ബുധനാഴ്ച ഇവര്‍ വിചാരണക്കായി കോടതിപരിസരത്ത് എത്തിയിരുന്നുവെങ്കിലും കോടതിയില്‍ ഹാജരായിരുന്നില്ല. കേസിലെ പ്രധാന ദൃക്‌സാക്ഷികളിലൊരാള്‍ കൂടിയാണ് അമല്‍.
ചന്ദ്രബോസിനെ കൊല്ലാന്‍ അമല്‍ കൂട്ടുനിന്നുവെന്ന് ആക്ഷേപമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അമലിനെ പ്രതിയാക്കണമെന്നും നിരീക്ഷണമുണ്ടായി. പ്രതിഭാഗം മുതലെടുക്കുമെന്നത് അറിഞ്ഞായിരുന്നു അമലിനെ പ്രതിചേര്‍ക്കാതെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്. നിസാം വിളിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടന്ന ഗെയ്റ്റിനരികെ അമല്‍ എത്തിയത്. ചന്ദ്രബോസിനെയാണ് ആക്രമിച്ചതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും നിസാമിന്റെ കാറില്‍ കയറാന്‍ പാര്‍ക്കിങ് ഏരിയയിലെത്തിയപ്പോഴാണ് കാറില്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ച് കയറ്റിയിട്ടുണ്ടെന്ന് അറിഞ്ഞതെന്നുമായിരുന്നു അമല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞിരുന്നത്.
Next Story

RELATED STORIES

Share it