ചന്ദ്രബോസ് വധക്കേസ്; കൂറുമാറിയ സാക്ഷിക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ടു

തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസിന്റെ വിചാരണയില്‍ കൂറുമാറിയ ഒന്നാംസാക്ഷിയും ചന്ദ്രബോസിന്റെ സഹപ്രവര്‍ത്തകനുമായ അനൂപിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ രേഖാമൂലം അപേക്ഷ സമര്‍പ്പിച്ചു. വരും ദിവസങ്ങളില്‍ ഇയാള്‍ക്കെതിരേ നടപടിയുണ്ടാവും.

കൂറുമാറിയ സാക്ഷിയെ റിമാന്‍ഡ് ചെയ്യണമെന്ന അപേക്ഷയില്‍ ഏകദേശം അരമണിക്കൂറോളം പ്രോസിക്യൂഷനും പ്രതിഭാഗവും വാഗ്വാദം നടത്തി. ഇന്നലെ രണ്ടാംസാക്ഷി സജീഷിനെ കൂടി വിസ്തരിക്കുമെന്നായിരുന്നു ധാരണ. എന്നാല്‍, അനൂപിന്റെ വിസ്താരം നീണ്ടതിനാല്‍ നടത്താനായില്ല. ആദ്യദിന വിചാരണാ നടപടികള്‍ വൈകീട്ട് അഞ്ചരയോടെയാണു സമാപിച്ചത്. വിചാരണ ഇന്നും തുടരും. കേസിലെ ദൃക്‌സാക്ഷിയായ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി സൂപ്പര്‍വൈസറും പാലക്കാട് കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശിയുമായ അനൂപിനെയാണ് ഇന്നലെ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.
അതേസമയം, തന്റെ എട്ടുവയസ്സായ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവണമെന്നും വീട്ടില്‍ ആരുമില്ലെന്നുമുള്ള അനൂപിന്റെ വാക്കാലുള്ള അപേക്ഷയെ തുടര്‍ന്ന് ബോണ്ടിന്റെ അടിസ്ഥാനത്തില്‍ അനൂപിനെ കോടതി ജാമ്യത്തില്‍ വിട്ടു. പോലിസ് കാവലിനും കോടതി ഉത്തരവായി. ഇന്നു രാവിലെ 11ന് കോടതിയില്‍ ഹാജരാവണമെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ഇയാളെ വിട്ടയച്ചത്.
Next Story

RELATED STORIES

Share it