ചന്ദ്രബോസ് വധക്കേസ്: ഒന്നാം സാക്ഷി വീണ്ടും മൊഴി മാറ്റി

സ്വന്തം പ്രതിനിധി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് വിചാരണയുടെ രണ്ടാം ദിനത്തിലും മൊഴിമാറ്റം. തിങ്കളാഴ്ച കൂറുമാറിയ ഒന്നാം സാക്ഷി അനൂപ് ഇന്നലെ ആദ്യ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി കോടതിയില്‍ പറഞ്ഞു. ദൈവവിശ്വാസിയായതിനാലുള്ള മനസ്സാക്ഷിക്കുത്തും, സത്യം മാത്രമേ പറയാവൂ എന്ന ഭാര്യയുടെ അഭ്യര്‍ഥനയുമാണ് ഇതിനു കാരണമെന്നും ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ പി സുധീര്‍ മുമ്പാകെ വിസ്താരത്തിനിടെ അനൂപ് പറഞ്ഞു.
ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിന്റെ ഇളയ സഹോദരന്‍ റസാഖിന്റെ ഭീഷണിയെത്തുടര്‍ന്നാണ് തിങ്കളാഴ്ച മുന്‍മൊഴി മാറ്റിപ്പറഞ്ഞതെന്നു പ്രോസിക്യൂഷന്റെ ചോദ്യത്തിനു മറുപടിയായി അനൂപ് പറഞ്ഞു. കൂറുമാറിയതിനെ തുടര്‍ന്ന് മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ പണം വാങ്ങിയെന്നും അതു ശരിയായില്ലെന്നും അഭിപ്രായമുയര്‍ന്നിരുന്നു.
അപ്രകാരം പൊതുസമൂഹം വിലയിരുത്തുന്നതിനാല്‍ ജീവനില്‍ ഉല്‍ക്കണ്ഠയുണ്ടോയെന്നും, ഒറ്റദിവസം കൊണ്ടുണ്ടായ അപമാനത്തില്‍ നിന്നു രക്ഷ നേടാന്‍ ആഗ്രഹമുണ്ടോയെന്നും പ്രോസിക്യൂഷന്‍ ചോദിച്ചപ്പോള്‍, ഉണ്ടെന്നായിരുന്നു അനൂപിന്റെ മറുപടി. ചന്ദ്രബോസിന്റെ കൊലപാതകം സംബന്ധിച്ച യഥാര്‍ഥ വസ്തുതകള്‍ പറയാന്‍ ആഗ്രഹമുണ്ടെന്നും അതിനു സന്നദ്ധനാണെന്നും അനൂപ് പറഞ്ഞു. മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ മൊഴി സത്യമാണ്.
ബാഹ്യപ്രേരണയോ പോലിസിന്റെ സമ്മര്‍ദ്ദമോ ഉണ്ടായിരുന്നില്ലെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി പി ഉദയഭാനുവിന്റെ ചോദ്യത്തിനു മറുപടി നല്‍കി. ചന്ദ്രബോസ് കൊല്ലപ്പെടാനിടയായ സംഭവത്തെക്കുറിച്ച് നേരത്തേ പറഞ്ഞതെല്ലാം അനൂപ് ശരിവച്ചു. സംഭവദിവസം പ്രതി നിസാം ചന്ദ്രബോസിനെ കാറിടിപ്പിച്ചു തെറിപ്പിച്ചെന്നും പരിക്കേല്‍ക്കുംവിധം മര്‍ദ്ദിച്ചുവെന്നും ഇന്നലെ പറഞ്ഞു.
തുടര്‍ന്ന് സംഭവദിവസം നിസാം ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ചതടക്കമുള്ള അതിക്രമങ്ങള്‍ ഓരോന്നായി വിശദീകരിച്ചു. പുറത്തിറങ്ങിയാല്‍ റസാഖിന്റെയും മറ്റും ഭീഷണി ഉണ്ടാകുമെന്ന ഭയമുണ്ടെന്നും അനൂപ് കോടതിയെ അറിയിച്ചു.
ഉച്ചതിരിഞ്ഞ് അനൂപിന്റെ സാങ്കേതികപ്പിഴവുകളില്‍ ഊന്നി എതിര്‍വിസ്താരം നടന്നു. കൂറുമാറിയ കേസില്‍ അനൂപിനെ റിമാന്‍ഡ് ചെയ്യണമെന്ന പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷന്‍ നിഷേധിച്ചു. തുടര്‍ന്ന് പോലിസ് സംരക്ഷണത്തില്‍ തന്നെ അനൂപിനെ വീട്ടില്‍ എത്തിക്കാന്‍ കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it