ചന്ദ്രബോസ് വധം: 71.30 ലക്ഷം രൂപ നിസാം പിഴയൊടുക്കണം; ജീവപര്യന്തം + 24 വര്‍ഷം

പി എച്ച് അഫ്‌സല്‍

തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിസാമിന് ജീവപര്യന്തത്തിനു പുറമേ 24 വര്‍ഷം കൂടി തടവുശിക്ഷ. 71.30 ലക്ഷം രൂപ പിഴയൊടുക്കാനും ഇതില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിനു നല്‍കാനും തൃശൂര്‍ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വി്വധിച്ചു. കേസില്‍ കള്ളസാക്ഷി പറഞ്ഞതിന് നിസാമിന്റെ ഭാര്യ അമലിനെതിരേ കേസെടുക്കാനും ഉത്തരവിട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.50ഓടെയാണ് ജഡ്ജി കെ പി സുധീര്‍ ശിക്ഷ പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 വകുപ്പുപ്രകാരം കൊലപാതകത്തിന് ജീവപര്യന്തവും 70 ലക്ഷം പിഴയും മര്‍ദ്ദിച്ചതിന് ഒരു വര്‍ഷവും ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചതിന് മൂന്നു വര്‍ഷവും ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് 10 വര്‍ഷവും ഒരു ലക്ഷം രൂപ പിഴയും ശോഭാ സിറ്റിയിലെ മുതലുകള്‍ നശിപ്പിച്ചതിന് രണ്ടു വര്‍ഷവും 20,000 രൂപയും അതിക്രമിച്ചുകയറി ആക്രമിച്ചതിന് അഞ്ചു വര്‍ഷം തടവും 10,000 രൂപയും പ്രാണഭയമുണ്ടാക്കിയതിന് മൂന്നു വര്‍ഷവുമാണ് ശിക്ഷ. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള 24 വര്‍ഷത്തെ തടവുകളും അതിനുശേഷം ജീവപര്യന്തവും വേറെ വേറെ അനുഭവിക്കണം. ചന്ദ്രബോസിന്റെ ഭാര്യക്കുള്ള തുക നിസാമിന്റെ ആസ്തിയില്‍നിന്ന് ഈടാക്കി സര്‍ക്കാര്‍ നല്‍കണമെന്നും അല്ലാത്തപക്ഷം തുക സര്‍ക്കാര്‍ നല്‍കണമെന്നുമാണ് വിധി.
150 പേജുള്ള വിധിന്യായം ഒറ്റവരിയിലൊതുക്കി 10 മിനിറ്റിനുള്ളില്‍ കോടതി നടപടികള്‍ അവസാനിപ്പിച്ചു. പ്രതിഭാഗം ഹാജരാക്കിയ ഡോക്ടര്‍മാരുടെ മൊഴികള്‍ അവിശ്വസനീയമാണെന്ന് കോടതി വ്യക്തമാക്കി. വധശിക്ഷ നല്‍കണമെന്ന ആവശ്യത്തെ സാധൂകരിക്കാന്‍ പ്രോസിക്യൂഷന്‍ പ്രധാനമായും മൂന്നു വാദങ്ങളാണ് മുന്നോട്ടുവച്ചത്. നിരായുധനായ ചന്ദ്രബോസിനെ ആക്രമിച്ച രീതി നിസാമിന്റെ ക്രൂരതയാണെന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 14 കേസിലും കാപ്പ നിയമപ്രകാരവും പ്രതിയായ നിസാം സമൂഹത്തിന് ഭീഷണിയാണ്. നിസാം കാരണം ഒരു കുടുംബം അനാഥമായതിനാല്‍ പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതികള്‍ക്കു ലഭിച്ച അതേ ശിക്ഷയ്ക്ക് അര്‍ഹനാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കാനാവില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സംഭവിച്ച കൊലപാതകമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. നിസാമിനു ലഭിച്ചത് പരമാവധി ശിക്ഷയാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി പി ഉദയഭാനു പറഞ്ഞു. കോടതി പരിസരത്ത് കനത്ത പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it