ചന്ദ്രബോസ് വധം: പ്രോസിക്യൂഷന്‍ പ്രാരംഭവാദം പൂര്‍ത്തിയായി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രോസിക്യൂഷന്‍ പ്രാരംഭവാദം പൂര്‍ത്തിയായി. വാദം രണ്ടു ദിവസംകൂടി നീട്ടണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളിയ വിചാരണക്കോടതി ഇന്നുമുതല്‍ വാദം തുടരണമെന്നു നിര്‍ദേശിച്ചു. ഇന്നലെ പ്രതിഭാഗം സാക്ഷികളാക്കിയ അന്വേഷണോദ്യോഗസ്ഥന്‍ പേരാമംഗലം സിഐ പി സി ബിജുകുമാര്‍, എസ്‌ഐ രാഗേഷ് ഏലിയന്‍ എന്നിവരുടെ പ്രതിഭാഗം വിസ്താരം പൂര്‍ത്തിയായ ഉടനെയാണ് പ്രോസിക്യൂട്ടര്‍ പ്രാരംഭവാദം തുടങ്ങിയത്. ഒന്നു മുതല്‍ നാലൊഴികെ ഏഴു വരെയുളള സാക്ഷികളെയും മറ്റു സാക്ഷികളെയും വിസ്തരിച്ചതില്‍നിന്നു പ്രതി മുഹമ്മദ് നിസാം കുറ്റം ചെയ്തതായി തെളിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കൊല്ലാനുള്ള ലക്ഷ്യത്തോടെയും ഉദ്ദേശ്യത്തോടെയുമാണ് പ്രതി വണ്ടിയിടിപ്പിച്ചതെന്നും സംശയാതീതമായി തെളിഞ്ഞിട്ടുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. 66 രേഖകളും 23 തൊണ്ടിമുതലുകളുമാണ് വിചാരണക്കോടതിയില്‍ ഹാജരാക്കിയിരുന്നത്. പ്രോസിക്യുഷന്‍ വാദത്തിന് ഉപോദ്ബലകമായി സുപ്രിംകോടതിയുടെ ആറു വിധികളുടെ പ്രസക്തഭാഗങ്ങളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായതോടെ പ്രതിഭാഗത്തിന്റെ വാദം തുടങ്ങാമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാല്‍, അതിന് രണ്ടു ദിവസത്തെ സാവകാശം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. തിങ്കളാഴ്ച വാദം തുടങ്ങാമെന്നായിരുന്നു പ്രതിഭാഗത്തിന്റെ അഭ്യര്‍ഥന. ഇത് അംഗീകരിക്കാനാവില്ലെന്നു ജഡ്ജി കെ പി സുധീര്‍ വ്യക്തമാക്കി. കേസിന്റെ തുടര്‍വാദം ഇന്നുതന്നെ തുടങ്ങണമെന്നും അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it