Districts

ചന്ദ്രബോസ് വധം; ഒന്നാം സാക്ഷിവിസ്താരം പൂര്‍ത്തിയായി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ഒന്നാം സാക്ഷി അനൂപിന്റെ വിചാരണ ഇന്നലെ പൂര്‍ത്തിയായി. രണ്ടാം സാക്ഷി അജീഷിന്റെ വിസ്താരം ഇന്ന് ആരംഭിക്കും. ഇക്കഴിഞ്ഞ 26ന് കൂറുമാറിയതിനെ തുടര്‍ന്ന് അനൂപിനെ ചന്ദ്രബോസിന്റെ ബന്ധുക്കള്‍ കോടതിക്ക് പുറത്തു വച്ച് കൈയേറ്റം ചെയ്യുകയും പിറ്റേന്ന് പഴയ മൊഴിയിലേക്ക് തന്നെ തിരിച്ചുപോയപ്പോള്‍ മാലയിട്ട് സ്വീകരിക്കുകയും ചെയ്തതായും, ഇത് വിചാരണ നടപടികളെ ബാധിക്കുന്നതായും പ്രതിഭാഗം ഇന്നലെ ആരോപിച്ചു.
വിചാരണ നടക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ നിയന്ത്രിക്കണമെന്ന് നിസാമിന്റെ അഭിഭാഷകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചിട്ടില്ല. ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാന്‍ നിസാമിന്റെ സഹോദരന്‍ റസാഖ് ശ്രമിച്ചുവെന്ന അനൂപിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ റസാഖിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന പ്രോസിക്യൂഷന്‍ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു.
ജയിലില്‍ ഒറ്റയ്ക്ക് ഒരു സെല്ലില്‍ പൂട്ടിയിരിക്കുകയാണെന്ന നിസാമിന്റെ പരാതിയില്‍ ഏകാന്ത തടവിലാണെങ്കില്‍ ഹരജി തരാനും അപ്പോള്‍ പരിഗണിക്കാമെന്നും കോടതി പറഞ്ഞു. അതിനിടെ, കേസിലെ സാക്ഷി വിചാരണയ്ക്കായി പ്രതി നിസാമിന്റെ ഭാര്യ കോടതിയിലെത്തി. എന്നാല്‍ ഇന്നലെ ഒന്നാം സാക്ഷിയുടെ വിസ്താരം കഴിയുമ്പോഴേക്കും വൈകിയതിനാല്‍ ഇവരുടെ വിചാരണ മറ്റൊരു ദിവസത്തേക്ക് മാറ്റി.
Next Story

RELATED STORIES

Share it