ചന്ദ്രബോസ് കൊലപാതകം: നിഷാമിന്റെ ജാമ്യം സുപ്രിംകോടതിയും തള്ളി

ന്യൂഡല്‍ഹി: സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി വ്യവസായി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതിയും തള്ളി. നേരത്തെ നിഷാമിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.  ധാര്‍ഷ്ട്യവും അഹങ്കാരവുമുള്ള പ്രതി, പാവപ്പെട്ടവരുടെ ജീവനു വില കല്‍പ്പിക്കാത്തയാളാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

ക്രിമിനല്‍ പശ്ചാത്തലവും തെളിവുകളും സാക്ഷിമൊഴികളും പ്രതിക്ക് എതിരാണ്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി ജനുവരി 31നകം വിധി പുറപ്പെടുവിക്കണമെന്ന് തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിക്കു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശവും നല്‍കി. ഹൈക്കോടതി പരാമര്‍ശങ്ങള്‍ വിചാരണക്കോടതി നടപടിയെ ബാധിക്കരുതെന്നും കോടതി പറഞ്ഞു. കേരള സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി.

അതിവേഗ കോടതിയില്‍ നടക്കുന്ന വിചാരണ അടുത്ത മാസം 17നു പൂര്‍ത്തിയാകുമെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിക്ക് ജാമ്യം നല്‍കുന്നത് മറ്റുള്ള പൗരന്മാരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നുമുള്ള സിബലിന്റെ വാദം കോടതി അംഗീകരിച്ചു. നിഷാമിനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യമാണ് ഹാജരായത്. ചന്ദ്രബോസിന്റെ കൊലപാതകം മനപ്പൂര്‍വം നടത്തിയതല്ലെന്നും വാഹനത്തിന്റെ വേഗം കൂടിപ്പോയതുകൊണ്ടാണെന്നുമുള്ള  അദ്ദേഹത്തിന്റെ വാദം കോടതി തള്ളി.

കഴിഞ്ഞ ജനുവരി 29ന് തൃശൂരിലെ തന്റെ ഉടമസ്ഥതയിലുള്ള ശോഭാ സിറ്റി ഫഌറ്റ് സമുച്ചയത്തിലെ കാവല്‍ക്കാരനായ ചന്ദ്രബോസിനെ നിഷാം കാറിടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. ഗുരുതരമായ പരിക്കേറ്റ ചന്ദ്രബോസ് ചികില്‍സയിലിരിക്കെ  മണപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it