ചന്ദ്രബോസിനെ ആക്രമിച്ചിട്ടില്ല; സാക്ഷിമൊഴികള്‍ കള്ളം

തൃശൂര്‍: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ താന്‍ ആക്രമിച്ചുവെന്ന സാക്ഷിമൊഴികള്‍ കള്ളമാണെന്നും ചന്ദ്രബോസും അനൂപും ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും കേസിലെ പ്രതി മുഹമ്മദ് നിസാം വിചാരണക്കോടതിയില്‍ പറഞ്ഞു. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ കോടതിയുടെ ചോദ്യംചെയ്യലിലാണ് നിസാമിന്റെ മൊഴി.
താന്‍ ഓടിച്ചിരുന്ന ഹമ്മര്‍ കാറാണ് ചന്ദ്രബോസിനെ ഇടിച്ചത്. വാഹനത്തിന് വട്ടം ചാടിയപ്പോഴാണതു സംഭവിച്ചത്്. മരണത്തിനു കാരണം ആശുപത്രിയിലെ ചികില്‍സാ പിഴവാണെന്നു നിസാം കോടതിയില്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴികളെ സംഗ്രഹിച്ച് ജില്ലാ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ പി സുധീറാണ് ചോദ്യംചെയ്തത്. മരണകാരണം നെഞ്ചിനും വാരിയെല്ലിനുമേറ്റ കനത്ത ആഘാതമാണെന്ന മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധന്റെ മൊഴിയെക്കുറിച്ച് തനിക്ക് അറിവില്ലെന്നു നിസാം ചോദ്യത്തിനു മറുപടിയായി പറഞ്ഞു. താന്‍ ചന്ദ്രബോസിനെയോ മറ്റു സെക്യൂരിറ്റി ജീവനക്കാരെയോ ആക്രമിക്കുകയോ മര്‍ദ്ദിക്കുകയോ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയോ ചെയ്തിട്ടില്ല. തന്റെ ഭാര്യ സംഭവസ്ഥലത്ത് വന്നതും ചന്ദ്രബോസിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി എന്നതും ശരിയാണ്. മര്‍ദ്ദിക്കാന്‍ ഉപയോഗിച്ചതാണെന്നു പറഞ്ഞ് കോടതിയില്‍ കാണിച്ച മുറിഞ്ഞ ബാറ്റണ്‍ താന്‍ ഉപയോഗിച്ചിട്ടില്ല. ഇത്തരം സാക്ഷിമൊഴികള്‍ കള്ളമാണെന്നും നിസാം പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരും പോലിസും കൃത്രിമ തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നു.
സംഭവസമയത്ത് ധരിച്ചതെന്നു പറഞ്ഞ് കോടതിയില്‍ കാണിച്ച ഷര്‍ട്ടും പാന്റും തന്റേതാണ്. സംഭവമുണ്ടായ അന്നു രാത്രിയിലാണ് ഫഌറ്റില്‍ നിന്നു പുറത്തേക്കു പോയത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തിരിച്ചെത്തിയതെന്ന ഭാര്യ അമലിന്റെ മൊഴി ശരിയാണെന്നും നിസാം പറഞ്ഞു. നിസാമിന്റെ ചോദ്യംചെയ്യല്‍ ഇന്നലെ പൂര്‍ത്തിയായി.
Next Story

RELATED STORIES

Share it