ചതുഷ്‌കോണ പോരാട്ടത്തിന് പൂഞ്ഞാര്‍

അഫീര്‍ഖാന്‍ അസീസ്

കോട്ടയം: വിജയം പ്രവചനാതീതമായിരിക്കുന്ന പൂഞ്ഞാറില്‍ എന്ത് വിലകൊടുത്തും വിജയിക്കുകയാണ് മുന്നണികളുടെയും ജനപക്ഷ സ്ഥാനാര്‍ഥിയായ പി സി ജോര്‍ജിന്റെയും ലക്ഷ്യം. ജോര്‍ജുകുട്ടി ആഗസ്തിയെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ എം മാണി കളത്തിലിറക്കിയിരിക്കുന്നത്.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്രനായി മല്‍സരിച്ച ജോര്‍ജുകുട്ടി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നു സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനിടെയാണ് കെ എം മാണി പൂഞ്ഞാര്‍ ദൗത്യം ഏല്‍പ്പിക്കുന്നത്. ജോര്‍ജുകുട്ടി ആഗസ്തിയെ മുന്നില്‍ നിര്‍ത്തി പി സി ജോര്‍ജിനെ പരാജയപ്പെടുത്തുകയാണ് മാണിയുടെ ലക്ഷ്യം.
മണ്ഡലത്തില്‍ പി സി ജോര്‍ജിനുള്ള സ്വാധീനം അറിഞ്ഞുകൊണ്ടുതന്നെയാണ് സൗമ്യനായ ആഗസ്തിക്ക് പൂഞ്ഞാറിന്റെ ബാറ്റണ്‍ കൈമാറിയത്.
കത്തോലിക്കാ സഭയുടെ പിന്തുണയോടെയാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് പി സി ജോസഫ് എല്‍ഡിഎഫിനുവേണ്ടി കളത്തിലിറങ്ങുന്നത്. പ്രചാരണ രംഗത്ത് പിന്നാക്കമാണെങ്കിലും പി സി ജോര്‍ജിനെ മറികടന്ന് പരമ്പരാഗത വോട്ടുകള്‍ നേടുകയെന്നതാണ് സിപിഎം ലക്ഷ്യം.
അതേസമയം ഇടതുപക്ഷത്തെ പ്രാദേശിക എതിര്‍പ്പ് പി സി ജോസഫിന് തിരിച്ചടിയായേക്കും. 1977ല്‍ മൂവാറ്റുപുഴയില്‍ നിന്നു പി സി ജോസഫ് നിയമസഭയിലെത്തിയിരുന്നു. എന്നാല്‍, 1991ല്‍ തൊടുപുഴയില്‍ കോണ്‍ഗ്രസ്സിലെ പി ടി തോമസിനോട് മല്‍സരിച്ച് പരാജയപ്പെട്ടു. പി സി ജോര്‍ജിനു സീറ്റ് നല്‍കാതെയാണ് ഒരു സുപ്രഭാതത്തില്‍ മുന്നണിയിലെത്തിയ ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന് എല്‍ഡിഎഫ് പൂഞ്ഞാര്‍ നല്‍കിയത്. പി സി ജോസഫ് പരാജയപ്പെടുകയാണെങ്കില്‍ അത് സിപിഎമ്മിന് തിരിച്ചടിയായിരിക്കും. അതിനാല്‍തന്നെ ഈ തിരഞ്ഞെടുപ്പ് എല്‍ഡിഎഫിന് അഭിമാന പ്രശ്‌നമാണ്. മണ്ഡലത്തില്‍ എട്ടുതവണ മല്‍സരിച്ച പി സി ജോര്‍ജ് ആറു തവണയും വിജയിച്ചു.
പ്രചാരണരംഗത്ത് ഒന്നാംഘട്ടം പൂര്‍ത്തിയാക്കി മുന്നേറുകയാണ് പി സി ജോര്‍ജ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായുള്ള തന്റെ പ്രവര്‍ത്തനങ്ങളും വ്യക്തിബന്ധങ്ങളും എസ്ഡിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്തുണയും ഗുണകരമാവുമെന്നാണ് ജോര്‍ജിന്റെ പ്രതീക്ഷ. പി സി ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തില്‍ സിപിഎമ്മിന്റെ ചില പ്രാദേശിക ഘടകങ്ങള്‍ അനുകൂലമായിരുന്നു. ഇവരുടെ വോട്ടും തനിക്ക് അനുകൂലമാവുമെന്നാണ് ജോര്‍ജിന്റെ പ്രതീക്ഷ.
കന്നിയങ്കത്തിന് ഇറങ്ങുന്ന എം ആര്‍ ഉല്ലാസാണ് എന്‍ഡിഎ-ബിഡിജെഎസ് സംഖ്യത്തിന്റെ സ്ഥാനാര്‍ഥി. വെല്‍ഫെയര്‍പാര്‍ട്ടിയുടെ പി എ അബ്ദുല്‍ഹകീമും മല്‍സര രംഗത്തുണ്ട്.
Next Story

RELATED STORIES

Share it