thrissur local

ചട്ടലംഘനം: പ്രചാരണ സാമഗ്രികള്‍ നീക്കാന്‍ 13 സ്‌ക്വാഡുകള്‍ രംഗത്ത്

തൃശൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുള്ള വിവിധ രാഷ്ട്രീയകക്ഷികളുടെയും പോഷകസംഘടനകളുടെയും സര്‍വീസ്-ട്രേഡ് യൂനിയനുകളുടെയും പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍, ചുവരെഴുത്തുകള്‍, ബാനറുകള്‍ എന്നിവ നീക്കം ചെയ്യുന്നതിന് നടപടികളാരംഭിച്ചു. ജില്ലയില്‍ ആകെ 13 സ്‌ക്വാഡുകളാണ് ഇതിനായി രൂപീകരിച്ചിട്ടുള്ളത്. ഡെപ്യൂട്ടി കലക്ടറും അപ്പലേറ്റ് അതോറിറ്റി (എല്‍ആര്‍) യുമായ എം മുഹമ്മദ് ബഷീറിനാണ് സ്‌ക്വാഡുകളുടെ ഏകോപന ചുമതല.
പൊതു—സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ പ്രചരണ സാമഗ്രികളും എടുത്തു മാറ്റേണ്ട ചുമതല അതത് രാഷ്ട്രീയ കക്ഷികള്‍ക്കാണ്. ബന്ധപ്പെട്ട കക്ഷികള്‍ യഥാസമയം എടുത്ത് മാറ്റിയില്ലെങ്കില്‍ സാമഗ്രികള്‍ എടുത്ത് മാറ്റേണ്ട ചുമതല പ്രസ്തുത സ്ഥാപന മേധാവിക്കാണ്. ഇതിന് വേണ്ടി വരുന്ന ചെലവ് ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളുടെയോ സ്ഥാനാര്‍ഥികളുടെയോ പ്രചരണ ചെലവില്‍ ഉള്‍പ്പെടുത്തണം. സ്ഥാനാര്‍ഥിക ള്‍ ഇല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യത്തില്‍ പ്രസ്തുത പാര്‍ട്ടികളുടെ ബാധ്യതയായി കണക്കാക്കി റവന്യൂ റിക്കവറി നടപടികളും സ്വീകരിക്കും.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സാമഗ്രികള്‍ നീക്കം ചെയ്യേണ്ട ഉത്തരവാദിത്വം അതത് തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിക്കാണ്. കെഎസ്ഇബി, പിഡബ്ല്യു ഡി മുതലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും ഉപകരണങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുള്ള സാമഗ്രികള്‍ ഇനിയും മാറ്റിയിട്ടില്ലെങ്കില്‍ അതത് വകുപ്പിലെ ജില്ലാ മേധാവികള്‍ 24 മണിക്കൂറിനകം അവ നീക്കം ചെയ്ത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് റിപോര്‍ട്ട് നല്‍കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി രതീശന്‍ അറിയിച്ചു. സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള പ്രചാരണ പരസ്യങ്ങളുടെ ചെലവ് അതത് പാര്‍ട്ടികളുടെ/സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവായി കണക്കാക്കും.
Next Story

RELATED STORIES

Share it