thiruvananthapuram local

ചട്ടലംഘനം: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ഫഌക്‌സുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എ ആന്‍സലന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ എണ്‍പത്തിയഞ്ചോളം ഫഌക്‌സ് ബാനറുകള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
തിരഞ്ഞെടുപ്പുചട്ടത്തില്‍ അനുശാസിക്കുന്ന തരത്തില്‍ പബ്ലിഷറുടെ പേരോ വിലാസമോ കോപ്പികളുടെ എണ്ണമോ രേഖപ്പെടുത്താത്ത ബാനറുകളാണ് ധനുവച്ചപുരത്തിനു സമീപത്തുനിന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണവിഭാഗം പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് രേഖകളില്ലാതെ ഫഌക്‌സുകള്‍ ലോറിയില്‍ എത്തിച്ചത്. ഈ ബാനറുകള്‍ കണ്ടുകെട്ടും. ചെലവായ തുക ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പുചെലവില്‍ വകകൊള്ളിക്കുമെന്നും നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. വാഹനവും ഫഌക്‌സും പാറശ്ശാല പോലിസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും വിജ്ഞാപനത്തിനുമിടയ്ക്ക് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരും നടത്തിയ റാലികളുടെയും സമ്മേളനങ്ങളുടെയും ചെലവുവിവരം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇത്തരം സമ്മേളനങ്ങളുടെയും റാലികളുടെയും വീഡിയോഗ്രാഫുകള്‍ ചെലവു നിരീക്ഷണസെല്‍ പകര്‍ത്തിയിട്ടുണ്ട്. അവയുടെ പകര്‍പ്പുകള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഏല്‍പിക്കുമെന്നതിനാല്‍ ചെലവുകള്‍ തിരഞ്ഞെടുപ്പിനു ശേഷം 75 ദിവസത്തിനുള്ളില്‍ കമ്മീഷനെ അറിയിക്കണമെന്നും ഫലപ്രഖ്യാപനം വരെയുള്ള ചെലവുകള്‍ 45 ദിവസത്തിനുള്ളില്‍ കമ്മീഷനു സമര്‍പ്പിക്കണമെന്നും കലക്ടര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും വിജ്ഞാപനത്തിനുമിടയ്ക്കുള്ള ചെലവുകള്‍ സ്ഥാനാര്‍ഥിയുടെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫഌക്‌സ് നശിപ്പിക്കല്‍: പ്രതിയായാല്‍ വോട്ടവകാശം നഷ്ടപ്പെടുമെന്ന് സര്‍വകക്ഷി യോഗം
ബാലരാമപുരം: ബാലരാമപുരം മേഖലയുടെ വിവിധ ഭാഗങ്ങളില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ തകര്‍—ക്കുന്നതിനെ തുടര്‍ന്ന് പോലിസ് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തു.
പോലിസ് അനുമതിയോടെ സ്ഥാപിക്കുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ തകര്‍ത്താല്‍ പ്രതിയാകുന്നവര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുമെന്ന് എസ്‌ഐ വിജയകുമാര്‍ അറിയിച്ചു. പ്രദേശത്ത് ഇനി മുതല്‍ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു മുമ്പ് പോലിസ് അനുമതി വാങ്ങണം.
അനുമതി വാങ്ങി വയ്ക്കുന്ന ബോര്‍ഡുകള്‍ നശിപ്പിച്ചാല്‍ കേസെടുക്കും. എല്ലാ രാഷ്ട്രീയ പ്രതിനിധികള്‍ക്കും ഇതുസംബന്ധിച്ച് പൂര്‍ണവിവരം നല്‍കി.
വിവിധ ഭാഗങ്ങളില്‍ കാമറകള്‍ സ്ഥാപിക്കും. രാത്രികാല പട്രോളിങ് ശക്തമാക്കും. മറ്റ് സ്‌റ്റേഷനിലെ പോലിസുകാരെയും മഫ്തി പോലിസിനെയും ഉപയോഗിക്കുമെന്നും പോലിസ് അറിയിച്ചു. ഇത്തവണ കലാശക്കൊട്ടിനും നിയന്ത്രണം ഏര്‍പ്പെടുത്തും. വ്യാപാരഭവനില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ സിഐ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it