ചങ്ങരംകുളം സ്വദേശിയുടെ സിനിമ ലോസ് ആഞ്ചലസ് ഫിലിം ഫെസ്റ്റിലേക്ക്

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: ചങ്ങരംകുളം സ്വദേശിയായ നരണിപ്പുഴ ഷാനവാസിന്റെ ആദ്യ സിനിമയായ കരി ലോസ് ആഞ്ചലസ് ഫിലിം ഫെസ്റ്റിവലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഫെസ്റ്റിലേക്ക് ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്ത ഏക സിനിമ കൂടിയാണ് മലയാള സിനിമയായ കരി.
കഴിഞ്ഞ ജനുവരിയില്‍ സ്‌പെയിനിലെ ബാഴ്‌സലോണ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലി ല്‍ ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചതു കരിക്കായിരുന്നു. 162 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളെ പിന്നിലാക്കിയാണ് കരി ഈ നേട്ടം സ്വന്തമാക്കിയത്. മാര്‍ച്ച് 23നാണ് ഇതിന്റെ പുരസ്‌കാരച്ചടങ്ങ്. ഇതിനു പിന്നാലെയാണ് ലോസ് ആഞ്ചലസ് ഫിലിം ഫെസ്റ്റിലേക്ക് കരി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ ദേശിയ അവാര്‍ഡ് നിര്‍ണയത്തിന് അന്തിമ ലിസ്റ്റില്‍ ഇടംനേടിയ 14 സിനിമകളില്‍ കരിയും ഉണ്ടായിരുന്നു. കിഴാള വിഭാഗം അനുഭവിക്കുന്ന കനത്ത ജാതീയത പ്രമേയമാക്കി എടുത്ത ഈ സിനിമ അവാര്‍ഡുകള്‍ ലഭിച്ചില്ലെങ്കിലും നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ജാതീയത കൂടുതലായി പ്രകടമാക്കപ്പെടുന്ന പുതിയ ജീവിത സാഹചര്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ സിനിമ. പൊന്നാനി സ്വദേശിയായ കഥാകൃത്ത് കെ ടി സതീശനാണ് ഇതിന്റെ കഥയൊരുക്കിയത്. 100ലധികം പരസ്യചിത്രങ്ങളും അഞ്ച് ഷോര്‍ട്ട് ഫിലിമുകളും മൂന്ന് ഡോക്യുമെന്ററികളും സംവിധാനം ചെയ്ത ഷാനവാസിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഷാനവാസിന്റെ എഗ് ആന്റ് അബി എന്ന ഷോര്‍ട്ട് ഫിലിം 2010ല്‍ സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. 2009ല്‍ ജോര്‍ദാനില്‍ നടന്ന അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഷാനവാസിന്റെ ഒമ്പത് സെന്റീമീറ്റര്‍ എന്ന സിനിമയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തത്. ഇതിനാവട്ടെ രാജ്യാന്തര പുരസ്‌കാരം ലഭിക്കുകയും ചെയ്തു. മുന്നൂറിലധികം പരസ്യചിത്രങ്ങളും ഷാനവാസ് സംവിധാനം ചെയ്തിട്ടുണ്ട്.
രണ്ടു മാസം മുമ്പാണ് കേരളത്തില്‍ കരി റിലീസ് ചെയ്തത്. രണ്ടാഴ്ച ഓടുകയും ചെയ്തു. മികച്ച പ്രതികരണമാണ് തങ്ങളുടെ സിനിമയ്ക്കു ലഭിച്ചതെന്ന് സംവിധായകന്‍ ഷാനവാസ് പറഞ്ഞു. ഷാനവാസ് തന്റെ 'സൂഫിയും സുജാതയും' എന്ന രണ്ടാമത്തെ സിനിമയുടെ തിരക്കിലാണിപ്പോള്‍. യുവനായകനായ ടൊവിനോ തോമസും വിജയ് ബാബുവുമാണ് പ്രധാന താരങ്ങള്‍. വിജയ് ബാബുവാണ് നിര്‍മാണം. 22ന് രാജസ്ഥാനില്‍ ഷൂട്ടിങ് ആരംഭിക്കും.
Next Story

RELATED STORIES

Share it