Kottayam Local

ചങ്ങനാശ്ശേരി താലൂക്ക് വികസന സമിതി യോഗം: ഉദ്യോഗ സ്ഥര്‍ക്കെതിരേ പരാതിപ്രവാഹം

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി താലൂക്കു വികസനസമിതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക പരാതി. മറുപടി ലഭിക്കേണ്ട വകുപ്പു മേധാവികള്‍ യോഗത്തില്‍ സംബന്ധിക്കാത്തതില്‍ ജനപ്രതിനിധികള്‍ പ്രതിഷേധിച്ചു. റവന്യൂടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ സി എഫ് തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നത്.
താലൂക്കിന്റ പരിധിയില്‍ വരുന്ന പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, മാടപ്പള്ളി, കുറിച്ചി, വാകത്താനം പഞ്ചായത്തുകള്‍ കൂടാതെ ചങ്ങനാശ്ശേരി നഗരസഭയും ഉള്‍പ്പെടുന്ന വികസനസമിതിയോഗത്തില്‍ ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടെ 24 പേര്‍ മാത്രമാണ് ഇന്നലെ പങ്കെടുത്തത്. ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി പറയേണ്ട ഉദ്യോഗസ്ഥന്മാര്‍ കീഴ് ഉദ്യോഗസ്ഥരെ വിട്ടു യോഗത്തില്‍ മാറി നിന്നതാണ് പ്രതിഷേധത്തനിടയാക്കിയത്. നഗരത്തിലെ വിവിധയിടങ്ങളിലെ പൈപ്പു പൊട്ടലിനു ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നു ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടപ്പോള്‍ എംസി റോഡു വികസനവുമായി ബന്ധപ്പെട്ടു ജോലികള്‍ നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കെഎസ്ടിപിയാണ് നടപടി കൈകൊള്ളേണ്ടെതെന്ന് വാട്ടര്‍ അതോരിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കെഎസ്ടിപി പണികള്‍ നടന്നുവരുന്ന റോഡുകളിലൂടെ കടന്നുപോകുന്ന പൈപ്പുകളാണ് മിക്കയിടങ്ങളിലും പൊട്ടുന്നതെന്നും ആക്ഷേപം ഉയര്‍ന്നു. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ പ്രധാന ജലസ്രോതസ്സ് മണ്ണിട്ടു നികത്തുന്നതില്‍ അടിയന്തിര നടപടികള്‍ വേണമെന്നും ആവശ്യമുയര്‍ന്നു.
മുക്കാട്ടുപടി ജങ്ഷനില്‍ അപകടഭീഷണിയായി നില്‍ക്കുന്ന മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് തൃക്കൊടിത്താനം പഞ്ചായത്തു പ്രസിഡന്റ് എന്‍ രാജു പറഞ്ഞു. ജനങ്ങള്‍ അറിയേണ്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ എല്ലാമാധ്യമങ്ങള്‍ക്കും ലഭിക്കുന്നില്ലെന്നും ഇതിന് അടിയന്തിര പരിഹാരമുണ്ടാക്കണമെന്നും മാധ്യമ പ്രതിനിധി എന്‍ പി അബ്ദുല്‍ അസീസ് യോഗത്തെ അറിയിച്ചു. രാത്രിയില്‍ റോഡുകളില്‍ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് വ്യാപകമാണെന്നും ഇക്കാര്യത്തില്‍ പോലിസിന്റെ ശ്രദ്ധയുണ്ടാകണമെന്നും ആവശ്യമുയര്‍ന്നു.
വികസനസമിതിയോഗത്തില്‍ സംബന്ധിക്കണ്ട ഡെപ്യൂട്ടി കലക്ടര്‍ യോഗത്തില്‍ പങ്കെടുക്കാത്തതിലും അംഗങ്ങള്‍ പ്രതിഷേധിച്ചു. ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡില്‍ കക്കൂസ് മാലിന്യം പരന്നൊഴുകുന്നതിനു പരിഹാരമായി അവ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയതായി നഗരസഭാധ്യക്ഷന്‍ യോഗത്തെ അറിയിച്ചു. ചങ്ങനാശ്ശേരി തഹസില്‍ദാരെക്കുറിച്ചും വ്യാപക ആക്ഷേപമാണ് യോഗത്തില്‍ ഉണ്ടായത്. നഗരസഭാധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യൂ മണമേല്‍, ചെയര്‍പേഴസണ്‍, വിവിധ പഞ്ചായത്തു പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it