Kottayam Local

ചങ്ങനാശ്ശേരിയില്‍ ഓട്ടോറിക്ഷകള്‍ക്ക് നമ്പര്‍ ഇടാന്‍ തീരുമാനം

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമായി ഓട്ടോറിക്ഷകള്‍ക്ക് സ്റ്റാന്‍ഡ് നിശ്ചയിക്കാനും നമ്പര്‍ ഇടുന്നതിനും ട്രാഫിക് അഡൈ്വസറി കമ്മിറ്റി തീരുമാനിച്ചു. ഓട്ടോറിക്ഷകളുടെ അനധികൃത പാര്‍ക്കിങും മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള ഓട്ടോ റിക്ഷകള്‍ പോലും നഗരത്തില്‍ സര്‍വീസ് നടത്തുന്നതും മേഖലയിലെ ഗതാഗതക്കുരുക്കിനു കാരണമായി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് നഗരസഭയുടെ നേതൃത്വത്തില്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം ചേര്‍ന്നത്.
സ്റ്റാന്‍ഡുകള്‍ നിശ്ചയിക്കുന്നതിനും നമ്പരിടുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ തീരുമാനിച്ച് റിപോര്‍ട്ട് ചെയ്യുന്നതിന് ഒരു സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. ജൂണ്‍ 10ന് സബ് കമ്മിറ്റി റിപോര്‍ട്ട് നല്‍കുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് നമ്പര്‍ നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന്റെ ഭാഗമായി നിലവിലുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ നിശ്ചയിക്കുന്നതിനും ഇത് സംബന്ധമായ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിനും ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തി.
പ്രമുഖ രാഷ്ട്രീയ സംഘടനാ പ്രതിനിധികളും ട്രാഫിക് എസ്‌ഐ എന്നിവര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. നഗരത്തിലെ ഫുട്പാത്തുകളിലുള്ള പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കാന്‍ തീരുമാനിച്ചു. നഗരത്തിനു ലൈന്‍ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ റെയില്‍വേ സ്റ്റേഷന്‍ ജങ്ഷനില്‍ നടപ്പാക്കുന്നതിന് തീരുമാനിച്ചു. വാഴൂര്‍ റോഡ്, പി പി ജോസ് റോഡ്, ബിവറേജ് റോഡ്-എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുന്നതിനു തീരുമാനിച്ചു. കവിയൂര്‍ പട്ടത്തിമുക്ക് റോഡ്-എസ്എച്ച് ജങ്ഷനില്‍ സിഗ്നല്‍ സമയം കൂട്ടുന്നതിനു തീരുമാനിച്ചു. നഗരത്തിലെ ബസ് സ്റ്റാന്‍ഡുകളുടെ മുമ്പിലുള്ള അനധികൃത സ്റ്റോപ്പുകളില്‍ ആളുകളെ കയറ്റാന്‍ നിര്‍ത്തുന്നതുമൂലം ഉണ്ടാവുന്ന ട്രാഫിക് ബ്ലോക്കുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും, ടിപ്പര്‍, ടോറസ് ഇവ നഗരത്തില്‍ പ്രവേശിക്കണമെങ്കില്‍ വാഹനത്തില്‍ ക്ലീനര്‍ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കും. പെരുന്ന നമ്പര്‍ രണ്ടു ബസ് സ്റ്റാന്‍ഡില്‍ അനധികൃതമായി പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി എടുക്കാനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it