ചക്കിട്ടപ്പാറ ഖനനം: എളമരം കരീമിനെതിരേ തെളിവില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: കോഴിക്കോട് ചക്കിട്ടപ്പാറയില്‍ അനധികൃതമായി ഇരുമ്പയിര് ഖനനം ചെയ്യാന്‍ അനുമതി നല്‍കിയതില്‍ മുന്‍മന്ത്രി എളമരം കരീമിനെ വിജിലന്‍സ് കുറ്റവിമുക്തനാക്കി. ഇടപാടില്‍ കരീം അഞ്ചു കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിനു തെളിവില്ലെന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ നല്‍കിയ പ്രാഥമികാന്വേഷണ റിപോര്‍ട്ട് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോള്‍ അംഗീകരിച്ചു. കരീമിനെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണ്.

ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ കിട്ടിയില്ല. കോഴപ്പണം കൈമാറിയ കമ്പനി പ്രതിനിധികളെ കണ്ടെത്താനും പ്രത്യേക അന്വേഷണസംഘത്തിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ കേസ് എഴുതിത്തള്ളണമെന്നാണ് സുകേശന്റെ റിപോര്‍ട്ടിലുള്ളത്. 2009 മെയില്‍ അന്നു വ്യവസായമന്ത്രിയായിരുന്ന എളമരം കരീമാണ് ചക്കിട്ടപ്പാറ അടക്കമുള്ള മൂന്നു വില്ലേജുകളില്‍ സ്വകാര്യ കമ്പനിക്ക് ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കുദ്രെമുഖ് അയേണ്‍ ഓര്‍ കമ്പനിയെ തഴഞ്ഞ് ബെല്ലാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഎസ്പിഎല്‍ എന്ന സ്വകാര്യകമ്പനിക്ക് ഖനനം നടത്താന്‍ അനുമതി നല്‍കിയതാണ് ആരോപണങ്ങള്‍ക്ക് വഴിവച്ചത്. വനംവകുപ്പിന്റെ നിര്‍ദേശം മറികടന്നാണ് വ്യവസായവകുപ്പ് ഖനനത്തിന് അനുമതി നല്‍കിയതെന്നു ആരോപണമുയര്‍ന്നു.  ഖനനത്തിന് അനുമതി നല്‍കേണ്ടെന്നായിരുന്നു പ്ലാന്റേഷന്‍ കോര്‍പറേഷന്റെയും തീരുമാനം. ഇതെല്ലാം മറികടന്നാണ് ഖനനത്തിന് അനുമതി നല്‍കിയതെന്നായിരുന്നു ആരോപണം. ഇതിനായി അഞ്ചു കോടി രൂപ മന്ത്രി കോഴ വാങ്ങിയെന്നായിരുന്നു കരീമിന്റെ ബന്ധു പി പി നൗഷാദിന്റെ മുന്‍ ഡ്രൈവര്‍ സുബൈര്‍ ആരോപിച്ചത്. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്. പിന്നാലെ ഖനനാനുമതി സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it