Flash News

ഗ്വാണ്ടനാമോ തടവറയില്‍ ഇപ്പോഴും 104 പേര്‍കൂടി

വാഷിങ്ടണ്‍ :  നീതിനിഷേധത്തിന്റെയും മനുഷ്യാവകാശധ്വംസനത്തിന്റെയും പ്രതീകമായി മാറിയ ഗ്വാണ്ടനാമോ ബേ തടവറ അടച്ചു പൂട്ടുമെന്ന് പ്രഖ്യാപിച്ച ബരാക്ക് ഒബാമ സ്ഥാനമൊഴിയാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ തടവറയില്‍ ഇപ്പോഴും 104 തടവുകാര്‍ മോചനം കാത്തു കിടക്കുന്നു. ഇവരില്‍ 88 പേര്‍ 10 വര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്നവരാണ്. ഒബാമ അധികാരമേല്‍ക്കുമ്പോള്‍ 242 പേരാണ് തടവറയിലുണ്ടായിരുന്നത്. 532 പേര്‍ മുന്‍ ജോര്‍ജ് ഡബ്ല്യൂ ബുഷ്  പ്രസിഡന്റായിരിക്കുമ്പോള്‍ മോചിപ്പിക്കപ്പെട്ടിരുന്നു. തടവറ പൂട്ടുമെന്ന് പ്രഖ്യാപിച്ച ഒബാമയേക്കാള്‍ കൂടുതല്‍ പേരെ മോചിപ്പിച്ചത് ബുഷ് തന്നെ. 49 പേര്‍ കുറ്റപത്രമോ വിചാരണയോ ഇല്ലാതെ അനിശ്ചിതകാലത്തേക്ക് തടവില്‍ കഴിയുന്നവരാണ്.
2009ല്‍ ഒരു വര്‍ഷത്തിനകം തടവറപൂട്ടുമെന്ന് പറഞ്ഞിരുന്നു ഒബാമ. അധികാരമേറി ആദ്യ നാളുകളില്‍ത്തന്നെ തടവറപൂട്ടാനുള്ള എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഒപ്പു വച്ച ഒബാമ തന്റെ പാര്‍ട്ടിക്ക് കോണ്‍ഗ്രസിലെ ഇരു സഭകളിലും നിയന്ത്രണമുണ്ടായിരുന്ന കാലത്ത് ഇതിനുവേണ്ടി കാര്യമായൊന്നും ചെയ്തിരുന്നില്ല. റിപബ്ലിക്കന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മുന്‍കൈനേടിയതോടെ തടവുകാരെ മാറ്റുന്നതിന് വേണ്ടി പണം ചെലഴിക്കുന്നതിനെ ശക്തമായി എതിര്‍ക്കാന്‍ ആരംഭിച്ചു. ഈ സാഹചര്യത്തില്‍ തടവുകാരെ മാറ്റുന്നതിന് കോണ്‍ഗ്രസിന്‌റെ പിന്തുണ നേടാന്‍ പുതിയശ്രമങ്ങളാരംഭിച്ചിരിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍. തടവുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള മറ്റു ജയിലുകളുടെ പട്ടിക പെന്റഗണ്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനാവശ്യമായ തുക അനുവദിച്ചു കിട്ടുക എന്നതാണ് പ്രധാനപ്രശ്‌നം. മാറ്റിപ്പാര്‍പ്പിക്കുന്ന ഒരു തടവുകാരന് പ്രതിവര്‍ഷം 5 മില്യണ്‍ ഡോളര്‍ ചെലവുവരുമെന്നാണ് പെന്റഗണിന്റെ കണക്ക്.  എന്നാല്‍ കോണ്‍ഗ്രസ് ഈ പദ്ധതിക്ക് അനുമതി നിഷേധിക്കാന്‍ തന്നെയാണ് സാധ്യത.
അപകടകാരികളായി ഒബാമ സര്‍ക്കാര്‍ വിലയിരുത്തിയ ചില തടവുകാരെ ഇത്തരത്തില്‍ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍കരുതുന്നതത്രേ. ഇവരെ എന്തു ചെയ്യും എന്നതാണ് തടവറ പൂട്ടുന്നതിന് വിലങ്ങുതടിയായി സര്‍ക്കാര്‍ വിശദീകരിക്കുന്ന മറ്റൊരു പ്രശ്‌നം. മുപ്പതോളം തടവുകാര്‍ ഇത്തരത്തിലുണ്ടത്രേ.
Next Story

RELATED STORIES

Share it