ഗ്വണ്ടാനമോ തടവറയില്‍ നിന്ന് അഞ്ചു യമനികളെ മോചിപ്പിച്ചു

വാഷിങ്ടണ്‍: 13 വര്‍ഷത്തിലധികമായി കുറ്റം ചുമത്താതെ യുഎസ് തടവറയായ ഗ്വണ്ടാനമോയില്‍ പാര്‍പ്പിച്ചിരുന്ന അഞ്ചു യമനി തടവുകാരെ മോചിപ്പിച്ചു. ഇവരെ യുഎഇയിലേക്കു അയച്ചതായി യുഎസ് പ്രതിരോധവകുപ്പ് അറിയിച്ചു. ഇതോടെ ഗ്വണ്ടാനമോയിലെ തടവുകാരുടെ എണ്ണം 107 ആയിരിക്കുകയാണെന്നും പെന്റഗണ്‍ പ്രസ്താവനയില്‍ അറിയിച്ചു. അലി അല്‍ റാസിഹി, ഖാലിദ് അല്‍ ഖദാസി, അദില്‍ അല്‍ ബിസെയ്‌സ്, സുലൈമാന്‍ അല്‍ നാഹ്ദി, ഫഹ്മി അല്‍ അസാനി എന്നിവരെയാണ് യുഎഇയിലേക്കു മാറ്റിയിരിക്കുന്നത്. സംഘം ശനിയാഴ്ചയോടെ യുഎഇയിലെത്തിയതായാണു വിവരം.

2001 സപ്തംബര്‍ 11ന് യുഎസിലെ ലോക വ്യാപാരനിലയം ആക്രമിക്കപ്പെട്ടതിനു പിന്നാലെ സായുധസംഘവുമായി ബന്ധമുള്ളവരെ പാര്‍പ്പിക്കാനാണ് യുഎസ് ഗ്വണ്ടാനമോ തടവറ സ്ഥാപിച്ചത്. യമനില്‍ സൗദി സഖ്യസേന നടത്തുന്ന വ്യോമാക്രമണവും മറ്റുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാലാണ് ഇവരെ മാതൃരാജ്യത്തേക്ക് അയയ്ക്കാത്തതെന്ന് പെന്റഗണ്‍ പറഞ്ഞു. യുഎഇ വൃത്തങ്ങള്‍ സംഭവത്തോടു പ്രതികരിച്ചിട്ടില്ല. ഇവരുടെ പുനരധിവാസത്തെക്കുറിച്ചു വ്യക്തമായ വിവരമില്ല. മേഖലയില്‍ യുഎസിന്റെ പ്രധാനസൈനിക സഖ്യകക്ഷിയാണ് യുഎഇ. 2009ല്‍ യുഎസ് പ്രസിഡന്റായി ബറാക് ഒബാമ അധികാരത്തിലേറിയ ശേഷം ഗ്വണ്ടാനമോ തടവറ അടച്ചുപൂട്ടാനുള്ള നടപടികള്‍ കൈക്കൊണ്ടുവരുകയാണ്. യുഎസിന് ഭീഷണിയല്ല എന്നു വിലയിരുത്തിയവരെയാണ്  വിട്ടയ്ക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.
Next Story

RELATED STORIES

Share it