ഗ്വണ്ടാനമോയില്‍നിന്ന് ഒമ്പതു യമനികളെ മോചിപ്പിച്ചു; അവശേഷിക്കുന്നത് 80 തടവുകാര്‍

വാഷിങ്ടണ്‍: തെക്കുകിഴക്കന്‍ ക്യൂബന്‍ ദ്വീപില്‍ യുഎസ് സ്ഥാപിച്ച ഗ്വണ്ടാനമോ സൈനിക തടവറയില്‍നിന്ന് ഒമ്പതു യമനികളെ മോചിപ്പിച്ച് സൗദി അറേബ്യയിലേക്കു മാറ്റിയതായി യുഎസ് അറിയിച്ചു. ഇവരില്‍ 2007 മുതല്‍ തടവറയില്‍ നിരാഹാരസമരത്തിലേര്‍പ്പെട്ടിരിക്കുന്ന താരിഖ് ബാ ഒദയും(37) ഉള്‍പ്പെടും. യമനിലെ ആഭ്യന്തരസംഘര്‍ഷം കണക്കിലെടുത്ത് തടവുകാരെ സ്വീകരിക്കാന്‍ സൗദി സമ്മതമറിയിച്ചിട്ടുണ്ട്.
ഇനി 80 തടവുകാരാണ് ഗ്വണ്ടാനമോയില്‍ അവശേഷിക്കുന്നത്. പതിറ്റാണ്ടിലധികമായി ഗ്വണ്ടാനമോയില്‍ കൊടുംശിക്ഷാനടപടികള്‍ക്കു വിധേയരായി കഴിയുന്ന ഇവരില്‍ ഭൂരിഭാഗം പേരുടെ മേല്‍ കുറ്റം ചുമത്തുകയോ വിചാരണ നടത്തുകയോ ചെയ്തിട്ടില്ല.
തന്റെ അധികാര കാലാവധി കഴിയുന്നതിനു മുമ്പ് ഗ്വണ്ടാനമോ തടവറ അടച്ചുപൂട്ടാനാണ് പ്രസിഡന്റ് ബറാക് ഒബാമ കണക്കുകൂട്ടുന്നത്. ബാക്കിയുള്ള 80 പേരെയും ഉടനടി വിട്ടയക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കമെങ്കിലും പ്രതിപക്ഷം ശക്തമായി എതിര്‍ക്കുകയാണ്. തടവുപുള്ളികളെ ഏറ്റെടുക്കാന്‍ സൗദി സര്‍ക്കാര്‍ തയ്യാറായതിനെ പെന്റഗണ്‍ സ്വാഗതം ചെയ്തു. അതിലൂടെ ഗ്വണ്ടാനമോ അടച്ചുപൂട്ടുന്നതിന് സൗദി പിന്തുണ നല്‍കിയിരിക്കുകയാണെന്നും പെന്റഗണ്‍ വക്താവ് അറിയിച്ചു.
മോചിതരായവരെ സൗദി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും. സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനായാണ് ഇതെന്ന് യുഎസ് വക്താവ് അറിയിച്ചു. വേനല്‍ക്കാലത്തിന്റെ അവസാനത്തോടെ 26 പേരെക്കൂടി വിട്ടയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് സൂചന.
14 വര്‍ഷം മുമ്പ് ലോകവ്യാപാര നിലയത്തിലെ അല്‍ഖാഇദ ആക്രമണത്തിനു പിന്നാലെയാണ് ഗ്വണ്ടാനമോ തടവറ സ്ഥാപിച്ചത്. തീവ്രവാദക്കേസില്‍ പിടികൂടിയ വിദേശികളെയാണ് തടവറയില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് യുഎസിന്റെ അവകാശവാദം.
തടവറയില്‍ അവശേഷിക്കുന്നവരുടെ പേരു പുറത്തുവിടാന്‍ സാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it