ഗ്രൂപ്പ് യോഗത്തില്‍ വികാരഭരിതനായി മുഖ്യമന്ത്രി

കൊച്ചി: സഹപ്രവര്‍ത്തകരായ മന്ത്രിമാരെ കളങ്കിതരായും തെറ്റുകാരായും ചിത്രീകരിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആലൂവ പാലസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ആരെയും ബലിയാടാക്കില്ല. മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് മന്ത്രിമാര്‍ പ്രവര്‍ത്തിച്ചത്. കൂട്ടുത്തരവാദിത്തത്തിന്റെ ഭാഗമായാണ് തീരുമാനങ്ങളെടുത്തത്. ഇപ്പോള്‍ നടക്കുന്നത് തനിക്കെതിരേയുള്ള പ്രവര്‍ത്തനമാണെന്നും ഉമ്മന്‍ചാണ്ടി യോഗത്തില്‍ പറഞ്ഞു.
തുടര്‍ന്ന് ഹൈക്കമാന്‍ഡിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാമെന്നും അതിന് ശേഷം നിലപാടെടുക്കാമെന്നും നേതാക്കള്‍ ധാരണയിലെത്തി. മന്ത്രിമാരായ കെ ബാബുവും അടൂര്‍ പ്രകാശും മല്‍സര രംഗത്ത് നിന്നും മാറിനില്‍ക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെങ്കില്‍ പ്രമുഖ നേതാക്കള്‍ ആരും മല്‍സരിക്കണ്ടതിെല്ലന്നും യോഗത്തില്‍ തീരുമാനമെടുത്തതായാണ് വിവരം.
മന്ത്രിമാരെയും എംഎല്‍എമാരെയും ആരോപണങ്ങളുടെ പേരില്‍ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് തീരുമാനം എതിരായാല്‍ കടുത്ത നിലപാട് തന്നെ വേണമെന്നും വേണ്ടിവന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കണമെന്നും ചില നേതാക്കള്‍ ആവശ്യമുയര്‍ത്തി. എന്നാല്‍, സ്ഥാനാര്‍ഥി പട്ടിക വന്നിട്ടാവാം തീരുമാനങ്ങള്‍ എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതോടെ യോഗം പിരിയുകയായിരുന്നു.
എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളായ മന്ത്രി കെ സി ജോസഫ്, മന്ത്രി കെ ബാബു, ബെന്നി ബഹനാന്‍ എംഎല്‍എ, ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.
Next Story

RELATED STORIES

Share it