ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ പരാജയത്തിന്റെ പടുകുഴിയിലെത്തിച്ചു; ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും പ്രതിപക്ഷ നേതാവാക്കരുത്: കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍

കൊച്ചി: ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തുന്ന അനാരോഗ്യകരമായ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ്സിനെ പരാജയത്തിന്റെ പടുകുഴിയിലെത്തിച്ചതെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2006, 2011, 2016ലെ തിരഞ്ഞെടുപ്പുകളിലും ഈ രണ്ട് നേതാക്കളാണ് കോണ്‍ഗ്രസ്സിന്റെ ദയനീയ പരാജയത്തിന് കാരണം.
രണ്ട് ഗ്രൂപ്പ് നേതാക്കളെയും പ്രതിപക്ഷനേതാക്കളാക്കരുതെന്ന് കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃപദവി ഇനിയും ഇവരില്‍ ആരെയെങ്കിലും ഏല്‍പ്പിച്ചാല്‍ കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടിവരും. 2001ല്‍ കോണ്‍ഗ്രസ്സിന് നിയമസഭയില്‍ 61 സീറ്റുണ്ടായിരുന്നു. എന്നാല്‍ 2006ല്‍ ഇത് 24ഉം 2011ല്‍ 38ഉം, 2016ല്‍ 22ഉം ആയി കുറഞ്ഞു. 2016ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ വി എം സുധീരനായിരുന്നു കെപിസിസി പ്രസിഡന്റെങ്കിലും സീറ്റുകള്‍ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നാണ്. അനാരോഗ്യകരമായ ഗ്രൂപ്പ് വഴക്കാണ് ഇവിടെ നടക്കുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ കോണ്‍ഗ്രസ്സിന് ബംഗാളിലെ അവസ്ഥയുണ്ടാവും. വി ഡി സതീശന്‍, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരില്‍ ആരെയെങ്കിലും പ്രതിപക്ഷ നേതാവാക്കണമെന്നും എഐസിസി നേതൃത്വത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.
കളങ്കിതരായവര്‍ക്ക് സീറ്റ് നല്‍കരുതെന്ന കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം പോലും അവഗണിക്കപ്പെട്ടു. അടൂര്‍ പ്രകാശ് മല്‍സരിച്ച പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസ് പിന്നില്‍ പോയി. കോണ്‍ഗ്രസ്സിലുണ്ടായിരിക്കുന്ന മുല്യച്യുതി കാരണം പ്രവര്‍ത്തകരും കോണ്‍ഗ്രസ്സിനെ സ്‌നേഹിക്കുന്നവരും ബിജെപിയിലേക്കും സിപിഎമ്മിലേക്കും ചേക്കേറിക്കൊണ്ടിരിക്കുകയാണെന്നും കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it