Sports

ഗ്രൂപ്പ് ഡി: ചാംപ്യന്‍മാരുടെ കഥകഴിച്ച് ക്രൊയേഷ്യ

ബോര്‍ഡോ/ ലെന്‍സ്: നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിനിനു യൂറോ കപ്പില്‍ അട്ടിമറിത്തോല്‍വി. ഗ്രൂപ്പ് ഡിയിലെ അവസാനറൗണ്ട് മല്‍സരത്തില്‍ ക്രൊയേഷ്യ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് സ്‌പെയിനിന്റെ കഥ കഴിക്കുകയായിരുന്നു.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ യൂറോയില്‍ സ്‌പെയിനിനു നേരിടുന്ന ആദ്യ തോല്‍വി കൂടിയാണിത്. 2004ലെ യൂറോ കപ്പില്‍ പോര്‍ച്ചുഗലിനോടേറ്റ പരാജയത്തിനു ശേഷം സ്‌പെയിന്‍ തോ ല്‍വിയറിഞ്ഞിരുന്നില്ല. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ തുര്‍ക്കി 2-0നു ചെക് റിപബ്ലിക്കിനെ തകര്‍ത്തുവിട്ടു.
അപ്രതീക്ഷിത തോല്‍വിയോടെ സ്‌പെയിന്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോള്‍ ക്രൊയേഷ്യ ജേതാക്കളായി. മൂന്നു മല്‍സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയുമടക്കം ക്രൊയേഷ്യക്ക് ഏഴു പോയിന്റാണുള്ളത്. രണ്ടു ജയവും ഒരു തോല്‍വിയുമുള്‍പ്പെടെ സ്‌പെയിനിന് ആറു പോയിന്റുണ്ട്.
ഗ്രൂപ്പില്‍ റണ്ണറപ്പായതോടെ പ്രീക്വാര്‍ട്ടറില്‍ മുന്‍ ചാംപ്യന്‍മാരായ ഇറ്റലിയുമായി സ്‌പെയിനിനു പോരടിക്കേണ്ടിവരും. കഴിഞ്ഞ ടൂര്‍ണമെന്റിന്റെ ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഈ മല്‍സരം.
ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ക്രൊയേഷ്യക്കെതിരേ സ്‌പെയിന്‍ തോല്‍വിയിലേക്കു വീണത്. ഏഴാം മിനിറ്റില്‍ ത്തന്നെ അല്‍വാറോ മൊറാറ്റയിലൂടെ സ്‌പെയിന്‍ അക്കൗണ്ട് തുറന്നിരുന്നു.
ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ നികോളാ കാലിനിച്ചിന്റെ ഗോളില്‍ ക്രൊയേഷ്യ സമനില പിടിച്ചുവാങ്ങി. 735 മിനിറ്റിനു ശേഷം യൂറോയില്‍ സ്‌പെയിന്‍ വഴങ്ങുന്ന ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.
72ാം മിനിറ്റില്‍ സ്‌പെയിനിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും സെര്‍ജിയോ റാമോസ് പാഴാക്കി. ഫൈനല്‍ വിസിലിന് മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഇവാന്‍ പെരിസിച്ചിന്റെ ഗോളില്‍ ക്രൊയേഷ്യ അവിസ്മരണീയ ജയം കൈക്കലാക്കി.
അതേസമയം, ചെക് റിപബ്ലിക്കിനെതിരേ നേടിയ 2-0ന്റെ ജയം തുര്‍ക്കിക്ക് നേരിയ പ്രീക്വാര്‍ട്ടര്‍ സാധ്യത നല്‍കുന്നുണ്ട്. ഗ്രൂപ്പുഘട്ടത്തിലെ മികച്ച നാലു ടീമുകളിലൊന്നായി തുര്‍ക്കി നോക്കൗട്ട്‌റൗണ്ടിലെത്തിയേക്കും. ആദ്യ രണ്ടു കളികളും തോറ്റ തുര്‍ക്കി മൂന്നു പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാമതാണ്.
ബ്യുറാക് യില്‍മസും ഒസാന്‍ ടുഫാനുമാണ് ചെക്കിനെതിരേ തുര്‍ക്കിയുടെ സ്‌കോറര്‍മാര്‍.
Next Story

RELATED STORIES

Share it