Districts

ഗ്രൂപ്പിസത്തിനെതിരേ വിമര്‍ശനം; മുന്‍ ഡെപ്യൂട്ടി മേയര്‍ക്കതിരേ കോണ്‍ഗ്രസ് നേതാക്കള്‍

കൊച്ചി: കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസത്തിനെതിരേ കടുത്ത വിമര്‍ശനമുന്നയിച്ച കൊച്ചി കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ ഭദ്രയ്‌ക്കെതിരേ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. അധികാരത്തിലിരിക്കെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ശേഷമാണ് ഭദ്ര ഇപ്പോള്‍ കുറ്റം പറയുന്നതെന്ന് ഐ ഗ്രൂപ്പ് നേതാവും ജിസിഡിഎ ചെയര്‍മാനുമായ എന്‍ വേണുഗോപാല്‍ പറഞ്ഞു. വ്യക്തിത്വമുണ്ടായിരുന്നെങ്കില്‍ അവര്‍ രാജിവച്ചു പുറത്തു പോവണമായിരുന്നു. അഞ്ചു വര്‍ഷം സ്വാഗതം പറഞ്ഞു നടന്നിട്ട് ഭദ്ര ഇപ്പോള്‍ സ്വന്തം പരാജയം മൂടിവയ്ക്കാനാണ് കുറ്റം പറയുന്നതെന്നും അധികാരസ്ഥാനങ്ങളില്‍ എത്താന്‍ ഭദ്ര പുതിയ താവളങ്ങള്‍ അന്വേഷിക്കുകയാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഇത്തവണ മല്‍സരിക്കാന്‍ ഭദ്ര സീറ്റ് ആവശ്യപ്പെട്ടിരുന്നില്ല. ക്ഷണിച്ചു കൊണ്ടുവന്ന് നിര്‍ത്തി വിജയിപ്പിക്കേണ്ട പ്രാധാന്യം ഭദ്രയ്ക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് യുഡിഎഫിനെതിരേ ശക്തമായ ആരോപണങ്ങളുമായി ഭദ്ര രംഗത്തെത്തിയത്. ഭദ്ര സീറ്റ് ചോദിച്ചിട്ടില്ലെന്നും നിലപാട് മാറ്റം എന്തിനാണെന്ന് അറിയില്ലെന്നും മുന്‍ മേയര്‍ ടോണി ചമ്മിണി പറഞ്ഞു. അവര്‍ ജോലിക്കു പോവുകയാണെന്നാണു തന്നോടു പറഞ്ഞതെന്നും ടോണി ചമ്മിണി പറഞ്ഞു. ഭദ്രയ്‌ക്കെതിരേ എറണാകുളം ഡിസിസി പ്രസിഡന്റ് വി ജെ പൗലോസും രംഗത്തെത്തി. പാര്‍ട്ടിയോട് ഭദ്ര നന്ദികേട് കാട്ടിയെന്നു വി ജെ പൗലോസ് പറഞ്ഞു.
അതേസമയം, താന്‍ എന്നും കോണ്‍ഗ്രസ്സുകാരിയായിരിക്കുമെന്ന് നേതാക്കളുടെ പ്രതികരണത്തിനു മറുപടിയായി ഭദ്ര പറഞ്ഞു. താന്‍ ഗ്രൂപ്പിസത്തിന്റെ ഇരയാണെന്നും ഒരു ഗ്രൂപ്പിന്റെയും ഭാഗമാവാത്തതിനാലാണ് തനിക്ക് ഇത്തവണ സീറ്റ് ലഭിക്കാതെ പോയതെന്നും ഭദ്ര കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. പ്രതിപക്ഷത്തുനിന്നുള്ളതിനേക്കാള്‍ എതിര്‍പ്പ് ഭരണപക്ഷത്തു നിന്നു തന്നെയാണ് അനുഭവിക്കേണ്ടി വന്നതെന്നായിരുന്നു അവരുടെ ആരോപണം. ഗ്രൂപ്പുതര്‍ക്കം മൂലം ബജറ്റ് അവതരിപ്പിക്കാന്‍ പോലും പറ്റാത്ത സാഹചര്യമായിരുന്നുവെന്നും ഒടുവില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഇടപെട്ടിട്ടാണ് ബജറ്റ് അവതരിപ്പിക്കാന്‍ സാധിച്ചതെന്നുമുള്ള ഭദ്രയുടെ ആരോപണങ്ങളാണു വിവാദമായത്. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് കോര്‍പറേഷന്റെ ധനസ്ഥിതിയെക്കുറിച്ച് തങ്ങളുടെ പക്ഷത്തുള്ളവര്‍ തന്നെ ഉന്നയിച്ചതെന്നും ഭദ്ര കുറ്റപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it