ഗ്രീസ് മാസിഡോണിയന്‍ അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ പോലിസുമായി ഏറ്റുമുട്ടി

സ്‌കോപ്‌ജെ: അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്നു ഗ്രീസില്‍ കുടുങ്ങിയ അഭയാര്‍ഥികളും മാസിഡോണിയന്‍ കലാപവിരുദ്ധ പോലിസും തമ്മില്‍ ഏറ്റുമുട്ടി. പോലിസുകാര്‍ ഉള്‍പ്പെടെ 40 പേര്‍ക്കു പരിക്കേറ്റു. ജര്‍മനി ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന അഭയാര്‍ഥികളെ മാസിഡോണിയയിലേക്കു പ്രവേശിപ്പിക്കാതെ ഗ്രീസ് അതിര്‍ത്തിയില്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.
അഭയാര്‍ഥികളെ തടയുന്നതിന് ഗ്രീസുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ മേഖലകളില്‍ മാസിഡോണിയന്‍ സൈന്യം കഴിഞ്ഞ ദിവസം പുതിയ വേലി സ്ഥാപിച്ചിരുന്നു. ബാല്‍ക്കന്‍ രാജ്യങ്ങള്‍ അഭയാര്‍ഥികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ നൂറുകണക്കിനു പേരാണ് ഗ്രീസ് അതിര്‍ത്തിയില്‍ കുടുങ്ങിയിരിക്കുന്നത്. ഗ്രീസ് അതിര്‍ത്തിയിലേക്കു പ്രവേശിച്ച മാസിഡോണിയന്‍ പോലിസ് അഭയാര്‍ഥികള്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം ഉപയോഗിച്ചതായും റിപോര്‍ട്ടുണ്ട്. 18 പോലിസുകാര്‍ക്കു പരിക്കേറ്റതായും രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മാസിഡോണിയന്‍ ആഭ്യന്ത്രമന്ത്രാലയം അറിയിച്ചു.
20 അഭയാര്‍ഥികള്‍ക്ക് തലയ്ക്കു മുറിവേറ്റതായി സന്നദ്ധ സംഘടന വ്യക്തമാക്കി.
Next Story

RELATED STORIES

Share it