thiruvananthapuram local

ഗ്രാമീണമേഖലയില്‍ കാര്‍ഷിക മേഖലയ്ക്ക് വില്ലനായി മഴ; നഷ്ടപരിഹാരമില്ലെന്ന് പരാതി

നെടുമങ്ങാട്: നാലുമാസത്തിലധികമായി തുടര്‍ച്ചയായി പെയ്യുന്ന മഴ ഗ്രാമീണ മേഖലയിലെ കൃഷിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും ദുരിതക്കയത്തിലാക്കി.
കാര്‍ഷിക, തോട്ടം മേഖലയില്‍ പണിയെടുക്കുന്നവരും നിര്‍മാണ തൊഴിലില്‍ ഏര്‍പ്പെടുന്നവരുമെല്ലാം ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന മഴകാരണം ബുദ്ധിമുട്ടിലാണ്. ഇടയ്‌ക്കൊന്ന് അവസാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ തുലാവര്‍ഷമായി പെയ്തുതുടങ്ങിയത് ഇനിയും തോര്‍ന്നിട്ടില്ല. ഗ്രാമീണ മേഖലയിലെ ഇടത്തരം കര്‍ഷകര്‍ക്ക് വ്യാപകമായ കൃഷി നാശമാണുണ്ടായിരിക്കുന്നത്. ഒപ്പം, പരക്കെ മരങ്ങള്‍ ഒടിഞ്ഞു വീഴുകയും ചെയ്യുന്നു.
എന്നാല്‍ നഷ്ടപരിഹാരം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നഷ്ടപരിഹാര തുക അപര്യാപ്തമെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ടാപ്പിങ് നടക്കുന്ന റബര്‍ മരം കാറ്റത്ത് ഒടിഞ്ഞുവീണാല്‍ നഷ്ടപരിഹാരമായി കിട്ടുന്നത് 120രൂപയാണ്. ഒരു സെന്റ് മരിച്ചീനിത്തോട്ടത്തില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായാല്‍ 15 രൂപയാണ് കര്‍ഷകന് ലഭിക്കുക. തെങ്ങിനാനെങ്കില്‍ 150 രൂപയാണ് ഈയിനത്തില്‍ ലഭിക്കുന്നത്. മണ്ഡലകാലത്ത് ഏറ്റവുമധികം വില്‍പ്പനയുള്ളത് പച്ചക്കറി ഇനങ്ങള്‍ക്കാണ്.
മറ്റു സീസണുകളെ അപേക്ഷിച്ച് ഒരല്‍പം വില കൂടുതല്‍ ഈ സമയങ്ങളില്‍ കാര്‍ഷിക വിളകള്‍ക്ക് കിട്ടാറുണ്ട്. ഇക്കാര്യം ലക്ഷ്യമിട്ട് കൃഷിയിറക്കിയ പച്ചക്കറി ഇനങ്ങളെല്ലാം വെള്ളം കയറി നശിച്ച നിലയിലാണ്. താലൂക്കില്‍ ഏക്കര്‍ കണക്കിന് ഭൂമിയിലാണ് ചെറുകിട കര്‍ഷകര്‍ ഇത്തരം കൃഷിയിറക്കിയിരിക്കുന്നത്.
കടം വാങ്ങിയും ലോണെടുത്തും കൃഷി ചെയ്തവരാണ് ഇപ്പോള്‍ ബുദ്ധിമുട്ടുന്നത്. നെടുമങ്ങാട് താലൂക്കില്‍ മാത്രം ഒരു കോടി രൂപയുടെ കൃഷി നാശമാണ് അധികൃതര്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. യഥാര്‍ഥ നാശനഷ്ടത്തിന്റെ തോത് ഇതിന്റെ നാലിരട്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കൃഷിഭവന്‍ ഉേദ്യാഗസ്ഥരും ഇത് ശരിവയ്ക്കുന്നുണ്ട്. എന്നാല്‍ എന്തു ചെയ്യണമെന്നറിയാതെ അങ്കലാപ്പിലായിരിക്കുകയാണ് ഗ്രാമീണ കര്‍ഷകര്‍. ഇതോടൊപ്പം, പലയിടത്തും ശക്തമായ മഴയിലും കാറ്റിലും മതിലിടിഞ്ഞുവീണും മരങ്ങള്‍ ഒടിഞ്ഞുവീണും വീടുകള്‍ തകരുന്നതും പതിവായിരിക്കുന്നു.
Next Story

RELATED STORIES

Share it