malappuram local

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം: പാര്‍ട്ടിയിലെ വിഭാഗീയത ചര്‍ച്ചചെയ്യാന്‍ സിപിഎം അടിയന്തര യോഗം

എടപ്പാള്‍: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് എടപ്പാളിലെ സിപിഎമ്മില്‍ രൂപം കൊണ്ട സ്‌ഫോടനവസ്ഥക്ക് പരിഹാരം കാണാന്‍ സിപിഎം അടിയന്തിര നടപടികളുമായി രംഗത്ത്.
പാര്‍ട്ടിയിലെ സീനിയര്‍ നേതാവും 20 വര്‍ഷക്കാലം ഗ്രാമപ്പഞ്ചായത്തംഗവുമായി പ്രവര്‍ത്തിച്ച കൃഷ്ണദാസിനെ പഞ്ചായത്തിന്റെ പ്രസിഡന്റാക്കാത്ത പാര്‍ട്ടി നടപടിക്കെതിരേ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ട് നാലു ദിവസം കഴിഞ്ഞിട്ടും പ്രതിഷേധക്കാരെ അനുനയിപ്പിക്കാനോ അവരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുന്നതിനോ ലോക്കല്‍ കമ്മിറ്റിക്കും ഏരിയ കമ്മിറ്റിക്കും കഴിയാത്ത സാഹചര്യത്തിലാണ് ജില്ലാ നേതൃത്വം ഇടപെട്ട് അടിയന്തിര യോഗം വിളിച്ചിട്ടുളളത്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ട നേതാവായിരുന്നു കെ കൃഷ്ണദാസ്.
പക്ഷെ അന്നെല്ലാം പാര്‍ട്ടിയിലെ സീനിയര്‍ നേതാവിനു വേണ്ടി പിന്‍വാങ്ങാന്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വം ആവിശ്യപെട്ടപ്പോള്‍ കൃഷ്ണദാസ് വഴങ്ങുകയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം ടിക്കറ്റില്‍ വിജയിച്ചവരില്‍ മുതിര്‍ന്ന അംഗം കൃഷ്ണദാസായിട്ടും കൃഷ്ണദാസിനെ തഴഞ്ഞ് ആദ്യമായി ഗ്രാമപ്പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപെട്ട പി ബിജോയിയെ പ്രസിഡന്റാക്കിയ നടപടിയെയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്.
എടപ്പാള്‍ ഗ്രാമപ്പഞ്ചായത്തിലും ,പൊന്നാനി താലൂക്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കര്‍ഷക പ്രസ്ഥാനവും കെട്ടിപടുത്തവരില്‍ പ്രമുഖനായിരുന്ന കോലളമ്പിലെ പവിത്രന്‍ വൈദ്യരുടെ മകനായ കൃഷ്ണദാസിനോട് ഇത്രയും അനാദരവ് കാണിക്കേണ്ടിയിരുന്നില്ലെന്ന നിലപാടിലാണ് പഞ്ചായത്തിലെ തലമുതിര്‍ന്ന സിപിഎം നേതാക്കളും പ്രവര്‍ത്തകരും.
പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനവും പൊതുയോഗവും നടത്തി. അറുപതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടനയില്‍ നിന്നും രാജിവെച്ചു മേല്‍ക്കമ്മറ്റിക്ക് കത്ത് നല്‍കിയിട്ടും ലോക്കല്‍,ഏരിയ നേതൃത്വം പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്താതിരുന്നത് ഏറെ ഗൗരവത്തോടെയാണ് ജില്ലാ കമ്മിറ്റി കാണുന്നത്.
കൃഷ്ണദാസിന് പ്രസിഡന്റ് സ്ഥാനം നല്‍കാതെ തഴഞ്ഞതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഏരിയ കമ്മിറ്റിയിലെ ഔദ്യോഗിക വിഭാഗമാണെന്നും ഇതേ കുറിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലെ നാല് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാര്‍ ജില്ലാ നേതൃത്വത്തിന് കത്തയച്ചിട്ടുമുണ്ട്.
Next Story

RELATED STORIES

Share it