malappuram local

ഗ്രാഫ് ഉയര്‍ത്തി എല്‍ഡിഎഫ്; പിടിച്ചുനിന്ന് യുഡിഎഫ്

മലപ്പുറം: സംസ്ഥാനത്ത് ഭരണ വിരുദ്ധതരംഗത്തില്‍ ഇടതുപക്ഷം കരുത്തുറ്റ മുന്നേറ്റം നടത്തിയപ്പോള്‍ മലപ്പുറമെന്ന പച്ചക്കോട്ടയ്ക്ക് കാര്യമായ പോറലേറ്റില്ല. മുസ്‌ലിംലീഗ് ബെല്‍റ്റിലൂടെ യുഡിഎഫിന് ശക്തിപകര്‍ന്നതായി ജില്ലയിലെ ഫലം. എന്നാല്‍, ഇടതിന് ജില്ലയില്‍ ശക്തമായ മുന്നേറ്റം നടത്താനും കഴിഞ്ഞു. രണ്ടു സീറ്റില്‍ ഒതുങ്ങിയിരുന്ന ഇടതുപക്ഷം ഗ്രാഫ് നാല് സീറ്റിലേയ്ക്കുയര്‍ത്തി. യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ മൂന്നും മുസ്‌ലിംലീഗിന്റെ ഒരു സീറ്റുമാണ് ഇടത് പിടിച്ചടക്കിയത്. താനൂരില്‍ വി അബ്ദുര്‍റഹ്മാന്റെ വിജയവും നിലമ്പൂരില്‍ ആര്യാടന്‍ യുഗത്തിന് അവസാനമിട്ട് പി വി അന്‍വറിന്റെ ജയവും ഇടത് സ്വതന്ത്രതന്ത്രത്തിന് കരുത്തു പകരുന്നതായി. ഇടതുപക്ഷത്തുനിന്ന് സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ പൊന്നാനി പി ശ്രീരാമകൃഷ്ണന്‍ മാത്രമാണ് വിജയിച്ചത്. മറ്റു മൂന്നു സീറ്റിലും സ്വതന്ത്രരാണ് വിജയം കണ്ടത്. ജില്ലയില്‍ മുസ്‌ലിംലീഗിന് ഒരു സീറ്റ് നഷ്ടപ്പെട്ടുവെങ്കിലും ഇടത് തരംഗത്തിലും ഈ പച്ചത്തുരുത്ത് യുഡിഎഫിനൊപ്പം നിന്നു. താനൂരില്‍ മുസ്‌ലിംലീഗിന്റെ മുന്‍നിര നേതാവ് അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയുടെ പരാജയം ലീഗിനെ ഞെട്ടിച്ചു. ഒരു സീറ്റില്‍ പരാജയം സമ്മതിച്ച് ലീഗ് പൊരുതിനിന്നെങ്കിലും വോട്ടുകളില്‍ കാര്യമായ വിള്ളലുണ്ടായി. ഏറനാടൊഴികെ ഒരു മണ്ഡലത്തിലും 2011ലെ ലീഡ് നിലനിര്‍ത്താന്‍ ലീഗിനായില്ല. കോണ്‍ഗ്രസിന്റെ ഏക പ്രതിനിധി വണ്ടൂരില്‍ എ പി അനില്‍കുമാറിനും മുന്‍ ലീഡ് കൈക്കലാക്കാനായില്ല. ഏറനാട്ടില്‍ പി കെ ബഷീര്‍ കഴിഞ്ഞ തവണത്തേതില്‍നിന്നു 1647 വോട്ടിന്റെ വര്‍ധനവുണ്ടാക്കി. 2011ല്‍ ബഷീറിന് 1,1246 വോട്ടിന്റെ ലീഡുണ്ടായിരുന്നത് ഇപ്രാവശ്യം അത് 12,893 ലെത്തിച്ചു. മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ ചാണക്യന്‍ പി കെ കുഞ്ഞാലിക്കുട്ടിക്കും ലീഡില്‍ നേരിയ കുറച്ചിലുണ്ടായി.
കഴിഞ്ഞ തവണത്തേതില്‍നിന്നു 180 വോട്ടിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തിനു വിജയിച്ച മങ്കടയില്‍ ടി എ അഹമ്മദ് കബീറും പെരിന്തല്‍മണ്ണയില്‍ മന്ത്രി മഞ്ഞളാംകുഴി അലിയും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മങ്കടയില്‍ 1,508, പെരിന്തല്‍മണ്ണയില്‍ 579 എന്നിങ്ങനെയാണ് ലീഡ് നില. അതേസമയം, ഇടതുപക്ഷം നിലവില്‍ കൈവശംവച്ചിരുന്ന സീറ്റുകളില്‍ ലീഡുയര്‍ത്തി. തവനൂരില്‍ കെ ടി ജലീല്‍ 2011ലെ 6,854ല്‍ നിന്ന് ഭൂരിപക്ഷം 17,064 ലേയ്ക്കുയര്‍ത്തി. പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണന്‍ 4101 വോട്ടിന്റെ ഭൂരിപക്ഷമുള്ളിടത്തുനിന്ന് 15,640ലേയ്ക്കും ലീഡുയര്‍ത്തി. ഇടത് പിടിച്ചെടുത്ത നിലമ്പൂരില്‍ പി വി അന്‍വര്‍ 11,504 വോട്ടിന്റെ ലീഡ് നേടിയപ്പോള്‍ താനൂരില്‍ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിെക്കതിരേ ഇടത് സ്വതന്ത്രന്‍ വി അബ്ദുര്‍റഹ്മാന്‍ 4,918 വോട്ടിന്റെ ലീഡാണ് കൈപ്പിടിയിലൊതുക്കിയത്. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വേങ്ങര, തിരൂരങ്ങാടി, തവനൂര്‍ മണ്ഡലങ്ങളില്‍ എസ്ഡിപിഐ നാലാമതെത്തി. വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, താനൂര്‍, പൊന്നാനി, തിരൂര്‍ മണ്ഡലങ്ങളില്‍ വെല്‍ഫെയര്‍പാര്‍ട്ടിയാണ് നാലാമത്. വള്ളിക്കുന്ന്, കോട്ടക്കല്‍ മണ്ഡലങ്ങളില്‍ പിഡിപിയാണ് ബിജെപിക്കു പിന്നിലായി നാലാമതെത്തിയത്.
Next Story

RELATED STORIES

Share it