Kottayam Local

ഗ്യാസ് സിലിന്‍ഡര്‍ കത്തി സ്‌ഫോടനം; വീട് തകര്‍ന്നു

മുക്കൂട്ടുതറ: ഇടകടത്തി ഉമ്മിക്കുപ്പയില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീടു തകര്‍ന്നു. കാരിപ്പറമ്പില്‍ ജോസഫ് ഡോമിനിക്കിന്റെ വീടാണ് തകര്‍ന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെയായിരുന്നു അപകടം.
ഭാര്യയും മക്കളും വിദേശത്തായതിനാല്‍ ജോസഫ് വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. സംഭവ സമയത്ത് പറമ്പില്‍ കൃഷിപ്പണിയിലായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ബോംബ് സ്‌ഫോടനമാണെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. വീട് തീഗോളം വിഴുങ്ങുന്നതു കണ്ടും സ്‌ഫോടന ശബ്ദം കേട്ടും ഓടിയെത്തുകയായിരുന്നു നാട്ടുകാര്‍. ഗ്യാസ് സിലിന്‍ഡര്‍ തീപ്പിടിച്ച് പൊട്ടിത്തെറിച്ചതാണന്ന് അറിയുമ്പോഴേക്കും അയല്‍വാസികള്‍ രക്ഷാപര്‍ത്തനം ആരംഭിച്ചിരുന്നു. വീട്ടുടമ ജോസഫിനെയാണു നാട്ടുകാര്‍ ആദ്യം തിരഞ്ഞത്. അപ്പോഴേക്കും സ്വന്തം വീടിന്റെ അടുക്കളയില്‍ തെങ്ങിനോളം ഉയരത്തില്‍ തീഗോളം കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുന്നതുകണ്ട് ഉറക്കെ നിലവിളിക്കുന്ന ജോസഫിനെ നാട്ടുകാര്‍ കണ്ടു.
ഇതോടെയാണ് ആളപായമില്ലെന്നു നാട്ടുകാര്‍ ഉറപ്പുവരുത്തിയത്. പൂട്ടിയിരുന്ന വാതിലിന്റെ ലോക്ക് പൊട്ടിത്തകര്‍ന്ന് കതക് തുറന്നു കിടക്കുകയായിരുന്നു. വീടിനുള്ളിലെല്ലാം കനത്ത പുക മൂലം അകത്തു കയറിയവര്‍ ശ്വാസം മുട്ടല്‍ മൂലം പുറത്തേക്കിറങ്ങി. ഇതിനിടെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതും അപകടം ഒഴിവാക്കി.
അടുക്കളയും കിടപ്പുമുറിയും കത്തുന്നത് കണ്ട നാട്ടുകാരില്‍ ചിലര്‍ വെള്ളം കോരിയൊഴിച്ചു. ഇതിനിടെ അഗ്നിശമന സേനയെയും പോലിസിനെയും വിവരം അറിയിച്ചു. നാട്ടുകാര്‍ പൂട്ടിയമുറിയുടെ താഴു തകര്‍ത്ത് അകത്തുകടന്നു തീപ്പിടിച്ച ഫര്‍ണിച്ചറുകളുടെയും മറ്റും തീയണച്ചു. അപ്പോഴേക്കും അഗ്നിശമനസേനയും പോലിസും എത്തിയിരുന്നു. അടുക്കള, വര്‍ക്ക്ഏരിയ എന്നിവ ഭിത്തിയുള്‍പ്പെടെ തകര്‍ന്ന നിലയിലായിരുന്നു. വൈദ്യുതി വയറിങും കത്തി നശിച്ചു. ഫ്രിഡ്ജ്, ലെറ്റുകള്‍, മറ്റ് ഗാര്‍ഹികോപകരണങ്ങള്‍ എല്ലാം കത്തിയും പൊട്ടിയും തകര്‍ന്നു. വര്‍ക്ക് ഏരിയായിലെ അടുപ്പിനു സമീപത്തുണ്ടായിരുന്ന നിറ സിലിന്‍ഡറില്‍ തീപടര്‍ന്നാണ് അപകടമുണ്ടായത്. ഈ സിലിന്‍ഡര്‍ തീപ്പിടിച്ച് പൊട്ടിത്തെറിച്ചാണു ഭിത്തിയും കോണ്‍ക്രീറ്റും തകര്‍ന്നതെന്ന് അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു.
അടുക്കളയ്ക്ക് സമീപം നിന്ന തെങ്ങ്, പപ്പായമരം എന്നിവ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഉമ്മിക്കുപ്പ പള്ളി വികാരി ഫാ. ജോസഫ് കൊല്ലംപറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ നാട്ടുകാര്‍ക്കൊപ്പം രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. വീടു തകര്‍ന്നാലും ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ജോസഫ് ഡോമിനിക്.
Next Story

RELATED STORIES

Share it