ernakulam local

ഗോശ്രീ പാലത്തില്‍ ജെസിബി ബ്രേക്ക്ഡൗണായി; ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: ഗോശ്രീ പാലത്തില്‍ ജെസിബി ബ്രേക്ക്ഡൗണായതിനെത്തുടര്‍ന്ന് ഹൈക്കോടതി ജങ്ഷന്‍ മുതല്‍ കണ്ടെയ്‌നര്‍ റോഡുവരെ ഒന്നര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. എറണാകുളത്ത് നിന്നും മുളവുകാട് വന്ന് ചേരുന്ന ഗോശ്രീപാലത്തിന് മധ്യേയാണ് ജെസിബി നിന്നുപോയത്. തുടര്‍ന്ന് ഏഴുമണിവരെ ഈ ഭാഗത്ത് ഗതാഗത തടസ്സം നീണ്ടതോടെ എറണാകുളത്ത് നിന്നും ജോലി കഴിഞ്ഞും മറ്റും മടങ്ങുന്ന നിരവധി യാത്രക്കാര്‍ വെട്ടിലായി.കണ്ടെയ്‌നര്‍ റോഡില്‍ നിന്നും സുധീന്ദ്ര ആശുപത്രിയിലേക്ക് എത്തേണ്ട ആംബുലന്‍സ് പത്തുമിനിറ്റെടുത്താണ് പോലിസുകാര്‍ പാലത്തിലൂടെ കടത്തിവിട്ടത്. ഇതേസമയം ബൈക്ക് യാത്രക്കാര്‍ തിരുകികയറിയതോടെ പാലത്തില്‍ വണ്ടികള്‍ക്ക് അനങ്ങാന്‍ കഴിയാത്ത സ്ഥിതിയായി.
കണ്ടെയ്‌നര്‍ റോഡില്‍ നിന്നുള്ള വാഹനങ്ങള്‍ കൂടിയെത്തുന്നതോടെ ഈ ഭാഗത്ത് ഗതാഗത തടസ്സമുണ്ടായാല്‍ കുരുക്കഴിക്കാന്‍ ഏറെ പ്രയാസമാണ്.
ഗോശ്രീ റോഡില്‍ കണ്ടെയ്‌നര്‍ റോഡ് വന്നുചേരുന്ന ബോ ള്‍ഗാട്ടി ജങ്ഷനില്‍ രൂക്ഷമായ കുരുക്കാണ് അനുഭവപ്പെടുന്നത്. ഹൈക്കോടതി ജങ്ഷന്‍ വരെ വാഹനങ്ങളുടെ നീണ്ടനിര വരുന്നതോടെ വൈപ്പിനിലേക്ക് ബസ്സില്‍ മടങ്ങുന്ന യാത്രക്കാരും വലഞ്ഞു.
കഴിഞ്ഞദിവസം വല്ലാര്‍പാടം പള്ളിക്ക് മുമ്പില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞും വൈകീട്ട് മണിക്കൂറുകള്‍ ഗതഗതം തടസ്സപ്പെട്ടിരുന്നു. എറണാകുളത്ത് നിന്നും വൈപ്പിനിലേക്കെത്താനുള്ള ഗോശ്രീ റോഡില്‍ വഴി തിരിച്ച് വിടാനോ മറ്റോ സാധിക്കാത്തതുമൂലം ഗതഗതതടസ്സം ഒഴിവാക്കാന്‍ പോംവഴി കാണാനാവാതെ ട്രാഫിക് പോലീസ് വലയുകയാണ്.
പാലത്തില്‍ ഗതാഗതകുരുക്ക് ഉണ്ടാക്കി കെഎല്‍ 5 9216 എന്ന ജെസിബിയുടെ ഡ്രൈവര്‍ക്കെതിരേ ഇടപ്പള്ളി ട്രാഫിക് പോലിസ് കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഏഴുമണിയോടെ പോലിസ് ലോറിയിലേക്ക് മാറ്റിയാണ് ജെസിബി പാലത്തില്‍ നിന്നുമാറ്റിയത്.
Next Story

RELATED STORIES

Share it