ഗോവ: സമാന്തര ചലച്ചിത്ര മേള തുടങ്ങി

പനാജി: കനത്ത സുരക്ഷയില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച രണ്ടു ദിവസത്തെ സമാന്തര ചലച്ചിത്രോല്‍സവം തുടങ്ങി. ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ നിന്ന് വിദ്യാര്‍ഥികളുടെ വിഭാഗം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികള്‍ സമാന്തര ചലച്ചിത്രോല്‍സവം സംഘടിപ്പിച്ചത്.
2009ലെ ഇന്‍സ്റ്റിറ്റിയൂട്ട് ചിത്രമായ ടാറ്റ്പാസ്ചാറ്റ് പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് സമാന്തര ചലച്ചിത്രോല്‍സവം ആരംഭിച്ചത്. വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചലച്ചിത്രകാരന്‍ സയ്ദ് മിശ്ര ചടങ്ങില്‍ പങ്കെടുത്തു. ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനെ നീക്കണമെന്ന അടിസ്ഥാന ആവശ്യവുമായി തുടങ്ങിയ വിദ്യാര്‍ഥികളുടെ പ്രക്ഷോഭം അസഹിഷ്ണുതയ്ക്കും മറ്റ് അനീതികള്‍ക്കുമെതിരായി വളര്‍ന്നിട്ടുണ്ടെന്ന് മിശ്ര പറഞ്ഞു. ഏതൊരു പുരോഗമനവാദിയും വിദ്യാര്‍ഥികളെ പിന്തുണയ്ക്കും. താന്‍ ഇവിടെയെത്തിയത് വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് -അദ്ദേഹം പറഞ്ഞു. സമാന്തര ചലച്ചിത്രോല്‍സവം സംഘടിപ്പിക്കുന്നത് ഏതെങ്കിലും നിയമങ്ങള്‍ ലംഘിക്കുന്നതിന് വേണ്ടിയല്ലെന്നും ചലച്ചിത്രോല്‍സവത്തില്‍ വിദ്യാര്‍ഥി വിഭാഗം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണെന്നും ഇന്‍സ്റ്റിറ്റിയൂട്ടിലെ മുന്‍ വിദ്യാര്‍ഥി പ്രതീക് വാട്‌സ് പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പാഠ്യപദ്ധതിയുടെ ഭാഗമാണ്. വളരെക്കുറച്ച് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ചലച്ചിത്രോല്‍സവത്തിലേക്ക് പ്രവേശനം അനുവദിച്ചത്. പല വിദ്യാര്‍ഥികളുടെയും രജിസ്‌ട്രേഷന്‍ അധികൃതര്‍ നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സമാന്തര ചലച്ചിത്രോല്‍സവം നടത്തുന്ന വേദിക്ക് കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയതിനെയും അദ്ദേഹം വിമര്‍ശിച്ചു. സമാന്തര ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിച്ച സദാബാഹര്‍ ബ്രാസ് ബാന്‍ഡ് അടക്കം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഇത്തവണ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലെ ഇന്ത്യന്‍ പനോമരയിലേക്ക് തിരഞ്ഞെടുത്തത്. വിദ്യാര്‍ഥികള്‍ നിര്‍മിച്ച 22 സിനിമകളാണ് രണ്ടു ദിവസത്തെ സമാന്തര ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it