ഗോവ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം: കേരളത്തില്‍ നിന്ന് ആറ് സിനിമകള്‍

ന്യൂഡല്‍ഹി: 46ാം ഗോവ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലെ ഇന്ത്യന്‍ പനോരമയിലേക്ക് 4 മലയാള ചിത്രങ്ങളടക്കം കേരളത്തില്‍ നിന്ന് ആറ് സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടു. വിനോദ് മങ്കരയുടെ സംസ്‌കൃത സിനിമയായ പ്രിയ മാനസമാണ് ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം.
ജയരാജിന്റെ ഒറ്റാല്‍, ബഷ് മുഹമ്മദിന്റെ ലുക്കാച്ചുപ്പി, ഡോക്ടര്‍ ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍, സിദ്ധാര്‍ഥ് ശിവയുടെ ഐന്‍ എന്നിവയാണ് ഫീച്ചര്‍ സിനിമ വിഭാഗത്തിലേക്കു തിരഞ്ഞെടുത്ത മലയാള ചിത്രങ്ങള്‍. പ്രിയ മാനസവും ഫീച്ചര്‍ വിഭാഗത്തിലേക്കാണു തിരഞ്ഞെടുക്കപ്പെട്ടത്. ഉണ്ണായിവാര്യരുടെ ജീവിതത്തിലൂടെ നളചരിത്രം കഥപറയുന്ന പ്രിയ മാനസം സംസ്ഥാന ചലച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണ്.
കേരള ചലച്ചിത്ര അക്കാദമി 'പ്രിയ മാനസ'ത്തെ തഴഞ്ഞത് ഏറെ വിവാദമായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ പനോരമയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
വിശ്രുത കവി ഉണ്ണായിവാര്യരുടെ ആത്മസംഘര്‍ഷങ്ങളുടെ ദൃശ്യാവിഷ്‌കാരമാണു പ്രമേയം. നടന്‍ രാജേഷ് ഹെബ്ബാറാണ് ഉണ്ണായി വാര്യരെ അവതരിപ്പിച്ചത്. മഹാകവി ഉണ്ണായിവാര്യര്‍ക്ക് താന്‍ നിര്‍മിച്ച ചലച്ചിത്ര സ്മാരകമാണ് പ്രിയ മാനസമെന്ന് സംവിധായകന്‍ വിനോദ് മങ്കര പറഞ്ഞു. തിരുവനന്തപുരം ചലച്ചിത്രോല്‍സവത്തില്‍ പ്രിയ മാനസത്തെ പരിഗണിക്കാതെ കച്ചവട ചിത്രങ്ങള്‍ക്കും വേണ്ടപ്പെട്ടവരുടെ ചിത്രങ്ങള്‍ക്കും പ്രാമുഖ്യം കൊടുക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് പ്രിയ മാനസം കേരളത്തില്‍ തഴയപ്പെട്ടതെന്നും വിനോദ് മങ്കര പ്രതികരിച്ചു.
ഹ്രസ്വചിത്ര വിഭാഗത്തില്‍ ആശാ അച്ചി ജോസഫിന്റെ ഒരേ ഉടലും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ മാസം 20 മുതല്‍ 30 വരെ നടക്കുന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ അനില്‍ കപൂറായിരിക്കും മുഖ്യാഥിതി. ലോക സിനിമാ വിഭാഗത്തില്‍ 89 രാജ്യങ്ങളില്‍ നിന്നായി 187 സിനിമകളാണു പ്രദര്‍ശിപ്പിക്കുക. ലോക സിനിമാ മല്‍സരവിഭാഗത്തിലേക്കുള്ള 15 സിനിമകളില്‍ രണ്ട് ഇന്ത്യന്‍ സിനിമകളും ഇടംനേടിയിട്ടുണ്ട്. ഇന്ത്യ ഫീച്ചര്‍ വിഭാഗത്തില്‍ 26ഉം ഹ്രസ്വചിത്രങ്ങളുടെ വിഭാഗത്തില്‍ 21 സിനിമകളും മേളയില്‍ എത്തും. മേളയില്‍ ഇടംപിടിച്ച രണ്ട് മലയാള ചിത്രങ്ങളും ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയവയാണ്. വാര്‍ത്താസമ്മേളത്തില്‍ ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിയവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it